എം. ഗോവിന്ദന്റെ കുഞ്ഞാലിമരക്കാർ

Readers Ink

എം. ഗോവിന്ദന്റെ കുഞ്ഞാലിമരക്കാർ


വിത ഒരു കായകല്പചികിത്സയാണെന്ന് വിശ്വസിച്ച കവിയാണ് എം. ഗോവിന്ദൻ. അത് തന്റെ അനുഭവപാഠമാണെന്നും അത്യാഹിതത്തോളം ചെന്നെത്തുന്ന ആത്മീയസംഘർഷങ്ങളെ തരണം ചെയ്തിട്ടുള്ളത് കവിതയെ ശരണം പ്രാപിച്ചാണെന്നും ഏറെ അസാധാരണതകളുള്ള ഈ കവി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളസംസ്‌കാര ചരിത്രത്തെ അവലംബിച്ചെഴുതിയ കവിതകളിലൂടെ ഗോവിന്ദൻ മലയാളത്തിന് നൽകിയത് പുതിയ ജ്ഞാനത്തിന്റെ സ്‌നാനഘട്ടങ്ങൾ തന്നെയാണ്. മലയാളിയുടെ വികല മാനവികതയ്ക്ക് ചരിത്രബോധത്തിന്റെ കായകല്പചികിത്സ നൽകുകയായിരുന്നു കവി. ആ ഗണത്തിൽപ്പെടുന്ന കവിതകളിലൊന്നാണ് 'കുഞ്ഞാലിമരയ്ക്കാർ': പറങ്കികളുമായി കൂട്ടുകൂടി തന്നെ തടവിലാക്കിയ സാമൂതിരിയോടു നടത്തുന്ന അന്ത്യഭാഷണത്തിൽ, നീതിയും ധീരതയും ആർദ്രതയും നഷ്ടപ്പെട്ട കാലത്തെക്കുറിച്ച് കുഞ്ഞാലി പറയുന്നുണ്ട്. രാഷ്ട്രീയനെറികേടിന്റെ കടൽക്ഷോഭങ്ങളിൽപെട്ടുലയുമ്പോഴും ആത്മധൈര്യത്തോടെ കപ്പലോട്ടുന്ന നാവികനെപ്പോലെ നിൽക്കുന്ന കുഞ്ഞാലിയിൽ ഗോവിന്ദൻ പ്രതിഫലിക്കുന്നു. കുഞ്ഞാലിയുടെ മനോലോകങ്ങളെഴുതുമ്പോൾ ഗോവിന്ദൻ തന്നെത്തന്നെ എഴുതിയോ? ഒറ്റുകൊടുക്കപ്പെട്ട ബുദ്ധിജീവിയായിരുന്നുവല്ലോ ഗോവിന്ദനും. മധ്യകാലകേരളചരിത്രത്തിൽ ദേശസ്‌നേഹത്തിന്റെ ഊറ്റമൂട്ടിയ കുഞ്ഞാലിയും ഇരുപതാം നൂറ്റാണ്ടിന്റെ ധൈഷണിക ചരിത്രത്തിൽ മാനവികതയുടെ ഊറ്റമൂട്ടിയ ഗോവിന്ദനും തമ്മിൽ അത്ഭുതകരമായ സമാനതകൾ ഈ കവിത വായിക്കുമ്പോൾ അനുഭവപ്പെടാം. നാനാരീതിയിൽ അന്യാധീനപ്പെടുന്ന സംസ്‌കാരത്തിന്റെ, രാഷ്ട്രീയത്തിന്റെ ഉണ്മകളെ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളിലൊന്നാണ് കുഞ്ഞാലിമരയ്ക്കാർ എന്ന കവിതയുടെ സമകാലവായന എന്നു തോന്നുന്നു.

മനുഷ്യന്റെ വിരിമാറിലെ ചായച്ചെപ്പിലെ മുനമുക്കിയെഴുതിയ ചുണയുടെയും വീറിന്റെയും ചരിതങ്ങൾ ഗോവിന്ദന്റെ ബഹുവിധമായ അന്വേഷണങ്ങളിലൊന്നായിരുന്നു. 'ഉറുമിത്തിറത്താലുമുടലിന്നുരത്താലും' പടവെട്ടിയ വീരപോരാളികളെക്കുറിച്ച് 'മാമാങ്ക'മെന്ന കവിതയിൽ കവി പറയുന്നുണ്ട്. മലബാറിന്റെ മധ്യകാലചരിത്രം വീരപുരുഷന്മാരുടെ ധീരപോരാട്ടത്തിന്റെയും ബലിയുടെയും ചരിത്രംകൂടിയാണ്. കളരിയും ആയോധനകലയും ആ കാലത്തിന്റെ സംസ്‌കാരമുദ്രകളായിരുന്നു. മധ്യകാല കവിതയിൽത്തന്നെ വീരരസ പ്രതിപാദനം മുഖ്യവിഷയമായിരുന്നല്ലോ. മഹാഭാരതം കിളിപ്പാട്ടിൽ എഴുത്തച്ഛൻ യുദ്ധവർണ്ണനകളെ ഇത്രമേൽ വിസ്തരിച്ചത് ആയോധന സംസ്‌കാരത്തിന്റെ സ്വാധീനം കൊണ്ടാവാം. വടക്കൻകോട്ടയത്തിരുന്ന് കഥകളി ചമച്ച കേരളവർമ്മ, ഭീമാർജ്ജുനന്മാരെ വീരത്തിന്റെ സ്ഥൂലവിഗ്രഹങ്ങളാക്കിയതിന്റെ കാരണവും മറ്റെങ്ങും തേടേണ്ടതില്ല. രാഷ്ട്രീയവും സാംസ്‌കാരികവുമായ അധിനിവേശത്തിന്റെ മലബാർചരിത്രത്തിലാണ് മരയ്ക്കാർമാരുടെ രംഗപ്രവേശം. അതിൽ കുഞ്ഞാലി മരയ്ക്കാരുടെ ധീരചരിതം അതിന്റെ ആഴത്തിലും വ്യാപ്തിയിലും ആവിഷ്‌കാരം നേടിയിട്ടില്ല. നോവലിലും സിനിമയിലും നാടകത്തിലും അതിനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിൽത്തന്നെയും കുഞ്ഞാലി മരയ്ക്കാരുടെ വാഴ്ചയും വീഴ്ചയും അതിന്റെ രാഷ്ട്രീയാന്തർക്ഷോഭങ്ങളും വൈചാരികതയുടെയും വൈകാരികതയുടെയും സമനിലകൈവെടിയാതെ ആഖ്യാനം ചെയ്തിരിക്കുന്നു എന്നതാണ് എം. ഗോവിന്ദന്റെ കവിതയുടെ വ്യതിരിക്തത. കലയിലും രാഷ്ട്രീയത്തിലും തനതിനെ തിരഞ്ഞ ഗോവിന്ദന്റെ നിസ്തുലമായ കാവ്യപരീക്ഷണമാണ് കുഞ്ഞാലിമരയ്ക്കാർ. ധാർമ്മികതയുടെ നട്ടെല്ലൊടിഞ്ഞ നാട്ടുഭരണത്തിന്റെയും അധിനിവേശശക്തികളുടെ കച്ചവട തന്ത്രത്തിന്റെയും ഇടയിൽപെട്ട് ജീവൻബലിനൽകിയ ഏകാകിയായ ആദർശധീരനും രാജ്യസ്‌നേഹിയുമായിട്ടാണ് കുഞ്ഞാലിയുടെ വൈകാരികചരിത്രത്തെ ഗോവിന്ദൻ വീണ്ടെടുക്കുന്നത്.


Related Articles