അന്തഃസംഘർഷങ്ങളുടെയും അസ്തിത്വവ്യഥകളുടെയും കഥകൾ

Readers Ink

അന്തഃസംഘർഷങ്ങളുടെയും അസ്തിത്വവ്യഥകളുടെയും കഥകൾ


“When I sit down to write a book, I do not say to myself "I am going to produce a work of art." I write it because there is some lie that I want to expose, some fact to which I want to draw attention.”
 - George Orwell

മാറിയ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളിൽ ജീവിക്കുന്ന വ്യക്തികൾ അനുഭവിക്കുന്ന അന്തസംഘർഷങ്ങളെയും അസ്തിത്വ വ്യഥകളെയും ഒപ്പം സമകാലിക രാഷ്ട്രീയ അവസ്ഥകളെയും വരച്ചിടുന്ന കഥാസമാഹാരമാണ് മുഹമ്മദ് റാഫി എൻ വി എഴുതിയ 'പ്രാവുകളുടെ ഭൂപടം'. മനുഷ്യൻ എന്നത് കേവലം സൗന്ദര്യാത്മക വ്യക്തിത്വം മാത്രമല്ല, രാഷ്ട്രീയ വ്യക്തിത്വം കൂടിയാണ് എന്നൊരു പൂർണ്ണമായ നോട്ടമുണ്ട് പ്രാവുകളുടെ ഭൂപടത്തിലെ മിക്ക കഥകൾക്കും. അതിജീവനത്തിന്റെയും മാനവികതയുടെയും വ്യക്തമായ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നു എന്നതാണ് പ്രാവുകളുടെ ഭൂപടത്തിലെ രചനകളുടെ പ്രത്യേകത.

ലക്ഷ്മണനാനയും മരിജുവാനെയും പിന്നെ ലീന പോളും, ലൂയിസിന്റെ ആദ്യ കൂദാശയും പ്രൊഫസർ ഹാരിസും, ഗുജറാത്ത്, കാണുന്നില്ല, അച്ഛൻ, മിഠായിത്തെരുവ്, ഉപ്പൻ, ഒരു അസംബന്ധ ഹ്രസ്വചിത്രത്തിന്റെ തിരക്കഥാന്ത്യം, ജനി തബലയിൽ വീഴ്ത്തിയ മുറിപ്പാടുകൾ, വാട്സ്ആപ്പ് സെൽഫി, പ്രാവുകളുടെ ഭൂപടം, ഓട്ടക്കാൽപ്പണം, ദർവീശ് എന്നീ 13 കഥകളിലായി അദ്ദേഹം വിശാലമായ ഇന്ത്യൻ മണ്ണിനെയും കഴിഞ്ഞ ഒന്നര ദശകം കൊണ്ട് വല്ലാതെ മറിപ്പോയ അവിടുത്തെ രാഷ്ട്രീയത്തെയും അടയാളപ്പെടുത്തുന്നു. ഈ കഥകളിലെ സ്ഥലരാശിയെ കേവലം ഒരു ഗ്രാമത്തിന്റെയോ പ്രവിശ്യയുടെയോ അതിർത്തികളിൽ പെടുത്താൻ അദ്ദേഹം ഒരുങ്ങുന്നില്ല, മറിച്ച് ഇന്ത്യയിൽ എവിടെയുമാകാം അവയുടെ അനുഭവമണ്ഡലം. അല്ലാത്തവയുടെ പരിസരം ഭാവനാനിർമ്മിതമായ ഒരു സമാന്തരലോകമാണെന്നതും കാണേണ്ടിയിരിക്കുന്നു. ഈ കഥയിലെ സ്ഥാലകാലങ്ങൾ കാലികരാഷ്ട്രീയത്തെയും അതിന്റെ ഇരകളെയും ഉൾവഹിച്ചുകൊണ്ടാണ് വായനക്കാരെ തേടിയെത്തുന്നത്. അത് വായനക്കാരെ ആനന്ദിപ്പിക്കുക മാത്രമല്ല വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.


Related Articles