തലമുറകളിലേക്ക് പകരുന്ന ജീവിതവ്യഥ

Readers Ink

തലമുറകളിലേക്ക് പകരുന്ന ജീവിതവ്യഥ


വലിയൊരു ദുരന്തമായി ലോകത്തെ ഗ്രസിച്ച കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തെയ്യം കലാകാരന്മാരുടെ സങ്കടജീവിതവും അതിൽ ചാലിച്ചുണ്ടാക്കിയ നേർക്കാഴ്ചകളും അടയാളപ്പെടുത്തുന്ന കഥയാണ് ശ്രീ. അംബികാസുതൻ മാങ്ങാട് എഴുതിയ 'കാരക്കുളിയൻ.' ചില കഥകൾ വളരെ അപ്രതീക്ഷിതമായ ഒരു നിമിഷത്തിൽ നമ്മളോട് ഉപാധികളില്ലാതെ സ്നേഹത്തിലാകുകയും മറ്റൊരു അപ്രതീക്ഷിതമായ നിമിഷത്തിൽ നമ്മെ ആക്രമിച്ച് അസ്വസ്ഥരാക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ വായനക്കാരുടെയുള്ളിൽ അസ്വസ്ഥതയുടെ ബീജം വിതറുന്ന ഒരു കഥയാണിത്. മനസ്സിൽ നിന്നും അടർത്തിയെടുക്കാൻ കഴിയാത്ത കഥാപരിസരത്തിലേക്ക് കഥാകൃത്ത് വായനക്കാരെ കൊണ്ടുപോകുന്നു. ആ തീക്ഷ്ണമായ അഗ്നിനാളങ്ങൾക്കിടയിലൂടെ വായനക്കാരെ കഥ അനുഭവിപ്പിക്കുകയും ചെയ്യുന്നു. അതാണ് ഈ പുസ്തകത്തിന്റെ വിജയം.

കാസർഗോഡ് ഭാഷയുടെ ലളിത സൗന്ദര്യത്തിലൂടെയാണ് കഥയും ചരിത്രവും ഐതിഹ്യങ്ങളും ഇവിടെ വെളിപ്പെടുന്നത്. അവിടുത്തെ അനുഷ്ഠാന കലാരൂപങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. തെയ്യം എന്ന കലാരൂപത്തിന്റെ നാനാഭാവങ്ങൾ കഥയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഓരോ തെയ്യം കലാകാരനും കളിയാട്ടദിവസം അത്ഭുത ശക്തിയുള്ള ദൈവിക രൂപങ്ങളായി മാറുമ്പോൾ നാടിനും നാട്ടാർക്കും വേണ്ടി തെയ്യവും കാരക്കുളിയനും തീക്കോലമാകുന്നു. നാർക്കളൻ എന്ന കുടുംബനാഥന്റെ ജീവിതത്തിലെ ഏടുകളാണ് കഥയിലെ ശ്രദ്ധേയ ഭാഗങ്ങൾ. നാർക്കളൻ എന്ന തെയ്യക്കാരനും അയാളുടെ അപ്പൻ കരിന്തളനും നാർക്കളന്റെ മകൻ ബാലചന്ദ്രനുമുൾപ്പെടുന്ന മൂന്നു തലമുറയുടെ കഥയാണിത്. ഒറ്റ ജന്മത്തിലൊതുങ്ങാതെ തലമുറകളിലേക്ക് പകരുന്ന അവരുടെ ജീവിതവ്യഥയാണ് കാരക്കുളിയന്റെ ഇതിവൃത്തം.

ആശുപത്രിക്കിടക്കയിൽ വെച്ച് നാർക്കളൻ മകനോട് തന്റെ ഭൂതകാലവും അന്ത്യാഭിലാഷവും വിവരിക്കുന്ന രീതിയിലാണ് ഈ കഥ ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ളത്. നാർക്കളൻ അറിയാതെ ചെയ്ത ഒരു പ്രവൃത്തിയിലൂടെയാണ് അയാളുടെ അമ്മ മരണപ്പെടുന്നത്. എന്നാൽ ആ തെറ്റ് തിരിച്ചറിഞ്ഞപ്പോൾ നാർക്കളൻ അതിന്റെ പ്രായശ്ചിത്തമായി സ്വന്തം ജീവിതം തന്നെ സമർപ്പിക്കുന്നു. കാരക്കുളിയൻ തെയ്യം കെട്ടിയാടിയും തീക്കോലമായി സ്വന്തം ശരീരത്തെ ബലിയാക്കിയുമുളള നാർക്കുളിയന്റെ പ്രവൃത്തികൾ മകനായ ബാലചന്ദ്രന് തുടക്കത്തിൽ തിരിച്ചറിയാനാവുന്നില്ല. എന്നാൽ അതൊക്കെ ചെയ്തുപോയ ഒരു തെറ്റിന്റെ പ്രായശ്ചിത്തമാണെന്ന് പിന്നീട് അവൻ മനസിലാക്കുന്നു. ഈ കഥയിൽ തെറ്റുകളുടെ അലയടിക്കലിൽ കടപുഴകുന്ന ജീവിതങ്ങളെ കാണാം. അറിയാതെ ചെയ്തുപോയ തെറ്റുകളും അറിഞ്ഞുകൊണ്ട് ചെയ്യേണ്ടി വരുന്ന തെറ്റുകളുമുണ്ട് എന്ന ബോധ്യത്തിലായിരിക്കാം കഥ തുടങ്ങുമ്പോൾ ഒരു തെറ്റിനെതന്നെ ചിത്രീകരിച്ചത്.


Related Articles