അണയാതെ പ്രണയം

Readers Ink

അണയാതെ പ്രണയം


മരണപ്പെട്ട് കിടക്കുന്ന അവളുടെ മുഖം അയാൾ കണ്ണിമ ചിമ്മാതെ നോക്കി നിന്നു. 28 വർഷത്തെ തന്റെ കുടുംബത്തിന്റെ പ്രകാശമാണ് അണഞ്ഞു പോയത്. ഇനി ഈ മുഖം ഒന്നു കാണാൻ തനിക്ക് സാധിക്കില്ല. നിമിഷങ്ങൾ കൊണ്ട് വർഷങ്ങളുടെ ആത്മബന്ധം കത്തിയമരും. വിയർത്ത് ഒഴുകുന്ന തന്റെ ശരീരത്തിൽ പറ്റിച്ചേർന്ന് കിടന്നിരുന്ന അവളുടെ ശരീരം ഇനി അഗ്നിയെ സ്നേഹിച്ചു തുടങ്ങും. താൻ അല്ലാതെ മറ്റൊരാളും അവളിൽ ആളിപ്പടരുന്നത് അയാൾക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല പക്ഷേ ഇനി അവൾക്ക് അഗ്നിയെ മാത്രമേ സ്നേഹിക്കാൻ കഴിയൂ...

കുറച്ചുനാൾ മുമ്പ് വരെ അവളീവീട്ടിൽ ഉണ്ടായിരുന്നോയെന്നുപോലും അയാൾ അന്വേഷിച്ചിരുന്നില്ല സമയാസമയങ്ങളിൽ ചായയ്ക്കും കാപ്പിക്കും മുട്ടില്ലാത്തതിനാൽ അവളെ അന്വേഷിക്കേണ്ട ആവശ്യം വന്നില്ല, അത്രതന്നെ. ഉണരുമ്പോൾ മുതൽ അയാളുടെ എല്ലാ കാര്യങ്ങളിലും ഒരു നിഴലായി അവൾ ഉണ്ടായിരുന്നു. എന്നിട്ടും അയാൾക്ക് അവളെ മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവൾ എന്താണെന്നോ, അവളുടെ ഇഷ്ടങ്ങൾ എന്താണെന്ന് മനസ്സിലാക്കാനോ, അറിയാനോ ഒന്നും അയാൾ ശ്രമിച്ചില്ല. താൽപര്യം കാണിച്ചില്ല എന്നതാണ് സത്യം...

ഒരിക്കൽപോലും ഒരാഗ്രഹവും അവളും അയാൾക്കുമേൽ അടിച്ചേൽപ്പിച്ചിരുന്നില്ല.. ഉള്ളതിൽ സംതൃപ്തി കണ്ടെത്തി അവള്‍ കഷ്ടപ്പെട്ട് ജീവിച്ചു.


Related Articles