എഴുത്തുകാരനെ സ്നേഹം പഠിപ്പിച്ച, സ്നേഹം കൊണ്ട് പരിചരിച്ച പണ്ടത്തെ പെൺകുട്ടിയെ കുറിച്ച് അദ്ദേഹം മനോഹരമായി എഴുതിയിയിരിക്കുന്നു. അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ സ്ത്രീയെ കുറിച്ച് എഴുതാൻ ഒരു ആവശ്യം ഉന്നയിച്ചപ്പോൾ ജന്മംകൊണ്ട കൃതി ആണ് 'ഒരിക്കൽ'. അമ്മയെയും ഭാര്യയെയും മറികടന്ന് അദ്ദേഹം അതിനായി തിരഞ്ഞെടുത്തത് യൗവനകാലത്തിലെ അദ്ദേഹത്തിൻ്റെ പ്രണയിനിയെ ആണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിൻ്റെ ജീവിതത്തിൽ ഇത്രയ്ക്കും സ്വാധീനം ഭാര്യയേക്കാളും അമ്മയേക്കാളും അധികം ആ പെൺകുട്ടി ഉണ്ടാക്കി എന്നതാണ് അദ്ദേഹത്തിൻ്റെ പക്ഷം.
ഈ പുസ്തകം വായിച്ചപ്പോൾ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് മറ്റൊരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഭാര്യ. ഇത്തരമൊരു രചനയെ വിശാലമനസ്സോടെ സ്വീകരിക്കുകയും മനസ്സിലാക്കുകയും ചെയ്ത ആ മനോഭാവത്തോടാണ് എനിക്ക് ഏറ്റവും കൂടുതൽ ബഹുമാനം തോന്നിയത്.
1999-ൽ പ്രസിദ്ധീകരിക്കപ്പെട്ട കൃതിയായതിനാൽ അന്നത്തെ സാഹിത്യഭാഷയുടെ സ്വാധീനം പല ഭാഗങ്ങളിലും കാണാം. ഇന്നത്തെ വായനക്കാർക്ക് ചില വാക്കുകളും പ്രയോഗങ്ങളും പഴഞ്ചനായി തോന്നാമെങ്കിലും, അതൊന്നും വായനയെ അലോസരപ്പെടുത്തുന്നില്ല. മറിച്ച് ആ കാലത്തിന്റെ ഭംഗി തന്നെയാണ് അത് സമ്മാനിക്കുന്നത്. ചില പ്രണയങ്ങൾ ജീവിതത്തിൽ അവസാനിച്ചാലും, അവ പഠിപ്പിച്ച സ്നേഹം ഒരിക്കലും അവസാനിക്കില്ലെന്ന് ഓർമ്മിപ്പിക്കുന്ന പുസ്തകമാണ് ഒരിക്കൽ.
"അകലെയേക്കാൾ അകലെയാകുന്നു നീ
അരികിലേക്കാൾ അരികിലാണത്ഭുതം!"
