അമ്മേ! പൊറുക്കുക!

Readers Ink

അമ്മേ! പൊറുക്കുക!


സാൻ്റാക്ളോസ് ജീരകമിഠായിയുമായി വരുമ്പോൾ വാതിലിനു പിന്നിൽ ഒളിക്കുന്ന കുട്ടിയായിരുന്നു ഞാൻ. അന്നതെല്ലാവരും മടി മാത്രമായി കരുതി ഉപേക്ഷിച്ചു. അൽപം കൂടി മുതിർന്നപ്പോൾ അമ്മ പറഞ്ഞു: "എല്ലാവരെയും നോക്കി ചിരിക്കണം." ഞാൻ ചുറ്റുവട്ടത്തെ പരിചിതരെയും അപരിചിതരെയും നോക്കിച്ചിരിച്ചു. പലരും പുഞ്ചിരി കൈമാറി. മറ്റുചിലർ കണ്ണിൽ നോക്കാതെ വഴുക്കി. ചിരി ആത്മവിശ്വാസമോ അഹന്തയോ ആയി കണ്ടവരാവാം രണ്ടാമത്തെ കൂട്ടർ. എനിക്കതിനു രണ്ടിനും യോഗ്യതയില്ലതാനും. പിന്നെയൊരിക്കൽ ആഴ്ചകൾ നീണ്ടുനിന്ന കനത്ത വിഷാദകാലം കഴിഞ്ഞപ്പോൾ ഞാൻ കെഞ്ചി: "എനിക്കിനി നടക്കാൻ വയ്യ. ഒരു സ്കൂട്ടർ വേണം. തിരികെ കിട്ടാത്ത പുഞ്ചിരികൾ എന്നിലെ തിരി കെടുത്തുന്നു." പത്തുവർഷത്തിനിടെ പെയ്ത ഒരു പ്രളയം എൻ്റെ വണ്ടിയെ കൊണ്ടുപോയി. റിപ്പയറിംഗ് കഴിഞ്ഞ്, മൈലേജ് കുറഞ്ഞ ആ വണ്ടി തന്നെ ഞാനിന്നുമോടിക്കെ, മുൻപത്തേക്കാളേറെ എഥനോൾ ലയിപ്പിച്ച, വാഹനങ്ങളെ എളുപ്പം കേടുവരുത്തുന്ന ഇന്ധനത്തിനുള്ള ആലോചന സർക്കാർ കൈക്കൊള്ളാനിരിക്കുന്നു. "പെട്രോളിന് വിലകൂടിയതിനെ കുറിച്ച് എന്തു പറയുന്നു" എന്ന ചോദ്യത്തിന്, "ഞാൻ അന്നും ഇന്നും അൻപത് രൂപക്കേ അടിക്കൂ. ആരും എന്നോട് അധികം ചോദിച്ചിട്ടില്ല", എന്ന് മറുപടി പറയുന്ന മധ്യവയസ്കൻ എന്നെ യഥാർത്ഥത്തിൽ ചിരിപ്പിക്കുന്നുമില്ല.

Summary: Amme! Porukkuka!, poem by Sanal Haridas


Related Articles