ചെറിയാച്ചന്റെ മരണം ആലീസിനെ ഒട്ടുമേ ബാധിച്ചില്ല.
ആലീസിനെ മാത്രമല്ല, ചെറിയാച്ചന്റെ അമ്മ, മൂന്നു പെങ്ങന്മാർ, അവരുടെ മക്കൾ, അയാളുടെ അമ്മയുടെയും അപ്പന്റെയും ബന്ധുക്കൾ ആലീസിന്റെ ബന്ധുക്കൾ തുടങ്ങി അയാളെ അവസാനമായി കാണാൻ എത്തിയ ആരെയും ആ മരണം ബാധിച്ചില്ല.
"മരണം വരുമൊരു നാൾ ഓർക്കുക മർത്യാ നീ" എന്ന് ഒപ്പീസ് പാട്ട് നിത്യേനയെന്നോണം കേട്ട് തഴമ്പിച്ച നിർവികാരന്മാരാണ് ക്രിസ്ത്യാനികളെങ്കിലും ഒരു മരണം നടന്ന വീട്ടിൽ എത്തിയാൽ അവർ ചെയ്യേണ്ടത് മുറ പോലെ ചെയ്യും. അടുത്ത ബന്ധുക്കൾ ആണേൽ ഒന്ന് കരയും. കരയാൻ മാത്രം ബന്ധമില്ലാത്തവർ ഒന്ന് വിതുമ്പും. അതിന്റേം ആവശ്യം ഇല്ലാത്തവർ മരിച്ചു കിടക്കുന്ന ആളെ നോക്കി ദീർഘമായി ശ്വാസം ഉള്ളിലേക്കെടുക്കുകയും കൈ വയറിനുമുകളിൽ കോർത്തുവെച്ച്, കണ്ണടച്ച്, ശ്വാസം പുറത്തേക്ക് വിടുകയും, നെറ്റിയിൽ കുരിശ് വരക്കുന്നത് പോലെ കാണിച്ച ശേഷം ആൾക്കൂട്ടത്തിൽ ഒരാളായി മാറുകയും ചെയ്യും. എന്നാൽ ഈ പറഞ്ഞവരിൽ ആരെയും ചെറിയാച്ചന്റെ വീട്ടിൽ കണ്ടില്ല.
