മനസ്സ് നിറയെ ഇന്നലെ അവൾ അപ്ഡേറ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റായിരുന്നു. വായിച്ചു തീർന്നപ്പോഴേക്കും ഒരു കാർമേഘം ഉള്ളിൽ ഇരുണ്ടുതിങ്ങി, പെയ്യാൻ അനുവദിച്ചില്ല. നീലബസ്സിന്റെ സൈഡ് സീറ്റിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ അവനോർത്തു. ഇതുപോലൊരു ബസ്സ് യാത്രയിലാണ് അന്നവളെ അവസാനമായി കണ്ടത്. അതിന് ശേഷം ഞങ്ങൾ ഒന്നും മിണ്ടിയതുമില്ല, ഞാൻ മിണ്ടിയില്ല എന്ന് പറയുന്നതായിരിക്കും ശരി. കുറ്റബോധങ്ങളിൽ നിന്നാണല്ലോ ചില ദുഃഖങ്ങൾ മൈനാകം കണക്കെ ഉയർന്നു പൊങ്ങുന്നത്.
ഇന്നെന്റെ യാത്ര നിന്നിലേക്കുള്ളതാണ് പ്രിയേ... നീയെന്നെ ഓർക്കുന്നുവോ?
വിങ്ങലിന്റെ തുഞ്ചത്ത് നിന്നും ഒരു വാക്കവനിലേക്ക് ചുഴലി കണക്കെ പാഞ്ഞുവന്നു, വട്ടം കറക്കി വീണ്ടുമാ ഓർമ്മകളിലേക്ക് മടക്കിവിട്ടു.
''ഞാൻ അവളെ ഒരിക്കലെങ്കിലും ഓർക്കണമായിരുന്നു, ഒന്നുമില്ലെങ്കിലും ഞാനെഴുതിയ വരികളെ അത്രമേൽ ആരാധിക്കുന്ന വായനക്കാരിയായിരുന്നവൾ, ഒരിക്കൽ എന്റെ പ്രിയപ്പെട്ട വായനക്കാരി!''
