അകത്തോട്ടു തുറക്കുന്ന ജനാലകളുള്ളൊരു
കുഞ്ഞുവീട് വേണമെനിക്ക്
കതകടച്ചകത്തിരിക്കുമ്പോഴും
തെരുവിലെ ആരവങ്ങൾക്ക്
നടുവിലാണെന്ന തോന്നലുണ്ടാവാൻ!
പല നിറമാർന്ന ഫിലോഡെൻഡ്രോണുകൾ
പടർത്തണം ചുവരിൽ മുഴുവൻ
പൂത്തുപന്തലിച്ചു നിൽക്കും മഗ്നോളിയകൾ
നാലു മൂലയിലും നട്ടു വളർത്തണം
പുറത്തു കാത്തുനിൽക്കും
തെക്കൻകാറ്റിനോട് എനിക്ക്
മുഖം കറുത്തു പറയണം:
"ഞാൻ തിരക്കോടു തിരക്കിലാണ്
നിന്നോടു മിണ്ടിപ്പറഞ്ഞിരുന്നാൽ
എന്റെ ചെടികളും കിളികളും തനിച്ചാവും!"
അകത്തോട്ടു തുറക്കുന്ന ജനാലകളുള്ളൊരു
കുഞ്ഞുവീട് വേണമെനിക്ക്.
