അദൃശ്യമായ ചുവന്ന വരകൾക്കുള്ളിലെ മേരി

Readers Ink

അദൃശ്യമായ ചുവന്ന വരകൾക്കുള്ളിലെ മേരി


അമ്മയുടെ മരണവിവരമറിഞ്ഞ് അവരെ അവസാനമായി കാണാൻ പോകുന്ന അരുന്ധതി റോയിയുടെ തീക്ഷ്ണമായ ഓർമ്മകളിലൂടെയാണ് മദർ മേരി കംസ് ടു മീ ' എന്ന പുസ്തകം ആരംഭിക്കുന്നത്. വ്യത്യസ്ത സ്വഭാവഗുണങ്ങളുള്ള, എന്നാൽ ഒരുപോലെ ആത്മബലമുള്ള രണ്ട് കരുത്തരായ സ്ത്രീകൾ എങ്ങനെയാണ് രൂപപ്പെട്ടതെന്ന് ഈ കൃതി വരച്ചുകാട്ടുന്നു.

അച്ഛന്റെയും ഭർത്താവിന്റെയും സ്വഭാവദൂഷ്യങ്ങളോടും ക്രൂരതകളോടും പൊരുതിയാണ് മേരി റോയ് തന്റെ കരുത്ത് നേടിയെടുത്തതെങ്കിൽ, നശിപ്പിച്ചു കളയാൻ ശ്രമിച്ച ഭ്രൂണത്തിൽ നിന്നും അതിജീവനത്തിന്റെ കരുത്തുമായാണ് അരുന്ധതി റോയ് ജനിക്കുന്നത്. താൻ നേരിട്ട അവഗണനയുടെയും ക്രൂരതയുടെയും നൂറിരട്ടിയാണ് മേരി മക്കൾക്ക് തിരിച്ചുനൽകിയത്. അസമിലെ തേയിലത്തോട്ടങ്ങളിലെ ജീവിതം മുതൽ കൊൽക്കട്ടയിലെയും ഊട്ടിയിലെയും കഷ്ടപ്പാടുകളും പിന്നീട് കോട്ടയത്തേക്ക് പറിച്ചുനടപ്പെട്ടതുമായ മേരിയുടെയും മകളുടെയും ജീവിതം, പരസ്പരം കൂട്ടിമുട്ടാനിടയില്ലാത്ത വഴിയിലൂടെയാണ് പോകുന്നത്. സ്വന്തം സന്തോഷങ്ങൾക്ക് വേണ്ടി ജീവിച്ച മേരി ചെറിയ തെറ്റുകൾക്ക് പോലും മക്കളെ ശാസിക്കുന്നു. അവർക്കൊരിക്കലും തന്റെ മകളെ സ്നേഹത്തോടുകൂടി കെട്ടിപ്പിടിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന നഷ്ടബോധത്തെക്കുറിച്ച് പുസ്തകത്തിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:"അമ്മയെ കെട്ടിപ്പിടിച്ച് എല്ലാം ശരിയാകുമെന്ന് പറയണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷേ ഒരു മുള്ളൻപന്നിയെ കെട്ടിപ്പിടിക്കുക അസാധ്യമാണല്ലോ, അതിപ്പോൾ ഫോണിലൂടെയാണെങ്കിൽ പോലും." മറ്റുള്ളവർ പരസ്പരം സ്നേഹിക്കുന്നത് താങ്ങാൻ കഴിയാത്തത്ര അസൂയയും വിദ്വേഷവും നിറഞ്ഞതായിരുന്നു അവരുടെ മനസ്സെന്ന് പുസ്തകത്തിൽ പലയിടത്തും കുറിക്കുന്നുണ്ട്. അരുന്ധതിയുടെ വളർത്തുനായയോട് അവർ ചെയ്ത ക്രൂരത അതിന്റെ ഉദാഹരണമാണ്. തെരുവുനായയുമായി ഇണചേർന്നു എന്ന കുറ്റത്തിന് അതിനെ വെടിവെച്ചുകൊന്ന് പ്രതികാരം തീർത്ത മേരിയുടെ സ്വഭാവകാഠിന്യം വായനക്കാരെ അക്ഷരാർത്ഥത്തിൽ ഉലച്ചുകളയും.

എന്നാൽ മറുവശത്ത്, പ്രതികൂല സാഹചര്യങ്ങളോട് ഒറ്റയ്ക്ക് പൊരുതി ജയിച്ച മേരിയെയും നമുക്ക് കാണാം. സ്വന്തം സഹോദരനായ ജോർജ്ജ് ഐസക്കിനോട് നിയമപോരാട്ടം നടത്തി തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിൽ പെൺമക്കൾക്കും തുല്യ സ്വത്തവകാശമുണ്ടെന്ന സുപ്രീം കോടതി വിധി സമ്പാദിച്ചതിലൂടെ അവർ ഇന്ത്യയൊട്ടാകെ പ്രശസ്തയായി. ആരും പരിഗണിക്കാത്ത മൊട്ടക്കുന്നിൽ ഒരു വിദ്യാഭ്യാസ സാമ്രാജ്യം അവർ കെട്ടിപ്പടുത്തു. ആരുടെയും ശുപാർശകൾക്ക് വഴങ്ങാതെ തികഞ്ഞ അച്ചടക്കത്തോടെയാണ് അവരത് മുന്നോട്ട് നയിച്ചത്. അന്ന് കോട്ടയം കളക്ടറായിരുന്ന ഇന്നത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ശുപാർശ തള്ളിക്കളയുന്നതും, അതിന്റെ പ്രതികാരമായി അയാൾ പിന്നീട് സ്കൂളിനോട് ചെയ്ത പ്രവർത്തിയുമെല്ലാം പേരുപറയാതെ ആ വ്യക്തി ആരാണെന്നു മനസ്സിലാക്കുന്ന വിധത്തിൽ കൃത്യമായി പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.


Related Articles