പ്രണയിച്ച പെൺകുട്ടിയെ പരസ്യമായി ചുംബിച്ച ഇരുപതുവയസ്സുകാരനെ ആൾക്കൂട്ടം മർദ്ദിച്ചവശനാക്കി. അല്ല, തല്ലിക്കൊന്ന് ഉപേക്ഷിച്ചു. അതും ശരിയല്ല. ഏതാണ്ട് മരണാവസ്ഥയിലാക്കി കാനയിലേക്ക് തള്ളിയിട്ടു. അതിനു സാക്ഷിയായി ഒരാളുണ്ടായിരുന്നു. മുഖ്യധാര തെറിപ്പിച്ചു കളഞ്ഞയാൾ. കാന കോരുന്ന മരപ്പാഴ്. പാഴ്ജന്മമെന്നത് പിന്നീട് മരപ്പാഴായി പരിണമിക്കുകയായിരുന്നു. നഗരം ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങൾ കോരുന്നവനെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. അസഹനീയമായ ദുർഗന്ധം. കാന കോരി ജീവിക്കുന്ന ഒരാൾക്ക് സുഗന്ധമെന്നത് അസാദ്ധ്യം. അങ്ങനെ കെട്ട വാടയുള്ളയാൾ ഇരുപതുകാരനെ തല്ലിപ്പരുവമാക്കുന്നത് കാനയുടെ നിശബ്ദതയിൽ, മരണപ്പേടിയുടെ മൗനത്തിൽ നോക്കിനിന്നത് വെറുതെയായിരുന്നില്ല. മർദ്ദകസംഘം--അവർക്ക് ചെറുപ്പക്കാരനുമായോ പെൺകുട്ടിയുമായോ ഒരു ബന്ധവും ഉണ്ടായിരുന്നില്ല-- ഇരുപതുകാരന്റെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ചതച്ചുകളഞ്ഞു. രാജ്യമൊട്ടാകെ പടർന്നു കഴിഞ്ഞ അപരവിദ്വേഷത്തിന്റെ സൂക്ഷ്മഭാഷ്യം. മരപ്പാഴ് ആ ചെറുപ്പക്കാരനെ അത്യദ്ധ്വാനം ചെയ്ത് കാനയ്ക്ക് മുകളിലെത്തിച്ചെങ്കിലും അവനിൽനിന്ന് ജീവൻറെ കോടിപ്പോയ ശബ്ദങ്ങൾ പുറത്തുവന്നപ്പോൾ അയാൾ കരുണാലേശമന്യേ ആ ശരീരത്തെ കാനയിലേക്ക് തന്നെ വലിച്ചുതാഴ്ത്തി. മലിനജനത്തിൽ അവന്റെ മുഖമമർന്നുപോയപ്പോൾ അയാൾ അവന്റെ തല മൺവെട്ടികൊണ്ട് കെട്ട ഗന്ധത്തിലേക്ക് ശക്തിയോടെ അമർത്തിപ്പിടിച്ചു. അവന്റെ ചലനം നിലച്ചു.
ആ ശരീരം മരണാനന്തര സോഷ്യലിസത്തിനുള്ള ഒരു ഉപകാരണമാക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. സെമിത്തേരിയിലെ 'മുതലാളിത്ത' അസംബന്ധതയെ മറ്റൊരു വിധം അഭിസംബോധന ചെയ്യുന്നു എന്ന് വേണമെങ്കിൽ പറയാം. അതായത് സെമിത്തേരിയിലെ കുഞ്ഞുവറീത് മുതലാളിയുടെ മാർബിൾ കുടുംബക്കല്ലറയുടെ മൂടി മാറ്റി പേരുപോലും നിശ്ചയമില്ലാത്തൊരു ചെറുപ്പക്കാരന്റെ മലിനമായ മൃതദേഹം ആ കല്ലറയിൽ നിക്ഷേപിക്കുക: അൽപ്പം ദയയുണ്ടായിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്ന ഒരു നിരപരാധിയെ അതേ ആൾക്കൂട്ടത്തിന്റെ ഭാഗമായിനിന്ന് മരപ്പാഴ് കൊന്നത് അതിനുവേണ്ടിയായിരുന്നു.
തന്റെ മാതാവിന്റെ /പിതാവിന്റെ മൃതദേഹം അടക്കം ചെയ്യുവാൻ ഒരു കുടുംബക്കല്ലറ വേണമെന്നുളൂള 'കാനകോരി'യുടെ ആഗ്രഹത്തെ പള്ളി അധികാരികൾ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തതിന്റെ പ്രതികാരമായിട്ടാണ് മരപ്പാഴ് അങ്ങനെയൊരു പണിക്ക് മുതിർന്നത്. പള്ളിയുടെ ദുരയും ദുർബ്ബലരോടുള്ള നിരാർദ്രവും അഹന്ത നിറഞ്ഞതുമായ സമീപനവും ഇവ്വിധത്തിലാകുമ്പോൾ അപകർഷതാബോധത്തിലുഴലുന്ന മരപ്പാഴിനെ പോലെയുള്ളവരുടെ പ്രതികരണവും വഴിതെറ്റുന്നു. പള്ളി അതിന്റെ കുഞ്ഞാടുകളെ അധികാരംകൊണ്ട് എങ്ങന ബലിയാടുക്കുന്നു എന്നതിന്റെ മികച്ച സാക്ഷ്യമാണ് മരപ്പാഴിന്റെ ജീവിതം. മൂലധനകേന്ദ്രീകൃതമായ ഒരവസ്ഥയും വ്യവസ്ഥയുമായി മാറുന്ന പള്ളി (അതേതു മതത്തിന്റേതായാലും) വ്യക്തികളുടെ ഇച്ഛകൾക്ക് മേൽ അസ്വാതന്ത്ര്യത്തിന്റെ കൂറ്റൻ ചങ്ങലകൾ പ്രയോഗിക്കുന്നതെങ്ങനെയെന്ന് നോവൽ വ്യക്തമാക്കുന്നു.
