ഉയരത്തിൽ മാത്രം
തലയാട്ടുന്ന മരങ്ങൾ
ഏറ്റവും മുകളിൽ
മുറിയുള്ള കെട്ടിടങ്ങൾ
കൈവരികളില്ലാത്ത
ബാൽക്കണിയിൽ
ചെറുചട്ടിക്കുള്ളിലെ
വന്മരംപോലെ ഞാൻ.
'ആകാശചക്ര'ങ്ങളിൽ
എനിക്ക് കയറേണ്ട.
ബുർജ് ഖലീഫ
എനിക്കൊരു അദ്‌ഭുതമല്ല.
ഇപ്പോൾതന്നെ വീഴുമെന്ന ഈ ഭയം
അനങ്ങാത്ത നിൽപ്പ്
അരിച്ചുകേറുന്ന തരിപ്പ്
ശ്വാസത്തെപ്പോലും പേടി
കെട്ടിടമനങ്ങുന്നതാണോ?
ഭൂകമ്പമാണോ?
പിടച്ചുകുതറിയാലോ?
ഞാനെങ്ങാനൊന്നനങ്ങിയാലോ?
എന്റെ കാലുകൾ
എന്റെയല്ലാതാകുന്നു
എന്നെക്കൂടാതെ
ചലിക്കാനൊരുങ്ങുന്നു.
എന്നെ ഞാനല്ലാതാക്കുന്ന
ഉയരങ്ങളിൽ നിന്നും
ഞാൻ അപ്രത്യക്ഷയാകുന്നു.
