ജീവിക്കാൻ മനുഷ്യന് സ്നേഹം വേണം അതല്ലെങ്കിൽ ചില ഭ്രാന്തുകൾ വേണം. ലീക്ക് 86 നോവലിലെ എല്ലാ കഥാപാത്രങ്ങളും ആത്യന്തികമായി പറഞ്ഞു വെക്കുന്നത് ഇതാണ്. അധികാര വർഗ്ഗത്തിന്റെ ഉപജാപങ്ങളുടെയും ഒരു നാടിന്റെ വ്യസനകഥയുടെയും എന്നതിനുപരി അവകാശ സമരങ്ങളിൽ ഏർപ്പെട്ട മനുഷ്യമനസ്സുകളുടെ ജീവിതം കൂടിയാണ് ലീക്ക് 86. മലയാള സാഹിത്യത്തിൽ നോവലുകളുടെ ക്രാഫ്റ്റിനെ പറ്റി പഠിക്കുമ്പോൾ ഈ നോവലിന്റെ ആഖ്യാന കലയെക്കുറിച്ച് പരാമർശിക്കാതെ പോകാൻ കഴിയില്ല. തീർത്തും വ്യത്യസ്തമായ ആഖ്യാനമാണ് ദുരന്തം ഏറ്റുവാങ്ങിയ ഒരു സമൂഹത്തെ ചിത്രീകരിക്കാൻ നോവലിസ്റ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. ചടുലവും ലളിതവുമായ ഭാഷ കൊണ്ട് ചെറുത്തുനിൽപ്പിന്റെയും സഹനത്തിന്റെയും സാമൂഹ്യമായ ഒരു ഓർമ്മയെ വരച്ചിടുന്നു.
ആഖ്യാനത്തിലെ വ്യത്യസ്തത ആരെയും ആകർഷിക്കുന്ന ഒന്നാണ്. സ്നേഹത്തിന്റെ ഏറ്റക്കുറച്ചിലുകൾ മനുഷ്യർ നികത്തുന്നത് നിശ്ശബ്ദമായി കൊണ്ടു നടക്കുന്ന ചില ഭ്രാന്തുകളിലൂടെയാവാം. പുസ്തകത്താളിനുള്ളിലെ ഇലകളായും വെട്ടുകഷണങ്ങളായും രക്തക്കറ പുരണ്ട തൂവാലയായും അലമാരക്കുള്ളിൽ കാത്തുവെച്ച കുഞ്ഞുചെരുപ്പായും എന്തിന് ചെരുപ്പിനുള്ളിൽ കുറിച്ചു വെച്ച പലിശ കണക്കുകളായി പോലും ഓരോ കഥാപാത്രവും അത് വെളിവാക്കുന്നു.
മനുഷ്യരും മനുഷ്യരുപയോഗിക്കുന്ന വസ്തുക്കളും ചേർന്നു പറയുന്ന കഥകൾ മനുഷ്യാവസ്ഥയെ അതിന്റെ പാരമ്യത്തിൽ രേഖപ്പെടുത്തുന്നുണ്ട്. ആഖ്യാതാവായി എത്തുന്ന മരണം പോലും മനുഷ്യമനസ്സുകളുടെ നിസ്സഹായതയിൽ നിസ്സഹായനാവുന്നു. ഒഴുക്കിൽ പറഞ്ഞു പോവുന്ന എന്നാൽ സൂക്ഷ്മമായ ചില നിരീക്ഷണങ്ങൾ വലിയ ചിന്തകൾക്ക് വഴിയൊരുക്കുന്നു. 'ഞാൻ കണ്ട വിരലുകൾക്ക് ഹൃദയത്തെക്കാൾ വലിയ ഹൃദയമുണ്ട് ' സാന്ത്വനമായും കരുണയായും സ്നേഹമായും ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് പകരുന്ന സ്പർശത്തിന്റെ മാന്ത്രികതയെ ഇതിലും മനോഹരമായി വരച്ചിടാൻ സാധിക്കില്ല. മണ്ണിനടിയിൽ ഗന്ധമത്രയും ഒളിപ്പിക്കുന്ന ഉള്ളിച്ചെടികളെ പോലെ മനുഷ്യർ ഒളിപ്പിച്ചു വെച്ച വേദനകളെയും നിസ്സഹായതകളെയും മരണമെന്ന കഥാപാത്രം അനാവരണം ചെയ്യുന്നു. നഗ്നത വെളിപ്പെട്ടെന്ന പോലെ പരിഭ്രാന്തരായ ഒരേ നിറമുള്ള മനുഷ്യർ തെരുവിലേക്കിറങ്ങുന്നു. ഉള്ളിൽ നിറഞ്ഞിരുന്ന നിസ്സഹായതയും കനലായിരുന്നെന്ന് ഒരു ജനത തിരിച്ചറിയുന്ന നിമിഷം അധികാരത്തിന്റെ ഇടനാഴികളിൽ കനൽ കൂമ്പാരം നിറയുന്നു. അതിൽ നിന്നുയരുന്ന പുക ചരിത്രമാകുന്നു. അങ്ങനെ ഒരു ഗ്രാമത്തിലെ നിസ്സഹായരായ കുറെ മനുഷ്യരുടെ മനോവ്യാപാരങ്ങളിലൂടെ ഒരു ഒരു രാഷ്ട്രീയ നോവൽ പിറക്കുന്നു. ലീക്ക് 86 ന്റെ കഥാപ്രഥലം ഇതാണ്.
