റിട്ടയർമെൻ്റിന് ശേഷമുള്ള ജീവിതമെന്നാൽ മുന്നോട്ടുള്ളതുപോലെ തന്നെ ഓർമ്മകളുടെ പിന്നോട്ടുള്ള സഞ്ചാരവും കൂടിയായിരുന്നു. അങ്ങനെയുള്ള തോന്നലിൽ നിന്നുണ്ടായതാണ് പഴയ കാലങ്ങളിലൂടെ ഒന്നുകൂടെ സഞ്ചരിക്കണമെന്നുള്ളത്. ഒരിക്കൽ സഞ്ചരിച്ച വഴികൾ, കണ്ടു മറന്ന കാഴ്ചകൾ ഇനി ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത പ്രദേശങ്ങളൊക്കെ ഒന്നുകൂടെ പോയിവരണം. കണ്ണീരും പുഞ്ചിരിയും പ്രണയവും ഓർമ്മകളായുറങ്ങുന്ന പ്രദേശങ്ങൾ. ഓർമ്മകൾക്കെല്ലാം ഓരോ ഭൂപ്രദേശങ്ങളുമായും ബന്ധമുണ്ടായിരുന്നു. മറന്നു പോയവയൊക്കെ അവിടെത്തുമ്പോൾ ഉള്ളിൽ നിന്നും കാഴ്ചകളായെത്തും. പുത്തൂര് എന്ന ചെറിയ ഗ്രാമത്തിലാണ് ആദ്യം എത്തിയത്. പോസ്റ്റുമാനായി ജോലി കിട്ടി ആദ്യത്തെ പോസ്റ്റിങ്ങും ഇവിടായിരുന്നു. മൂന്നുവർഷം, എല്ലാ മേൽവിലാസങ്ങളും പരിചിതമായി.
ഇന്നത്തെ പുത്തൂര് എന്ന ഗ്രാമം കണ്ട് അതിശയിച്ചു പോയി. മാറ്റങ്ങളറിഞ്ഞിരുന്നു. ഇത്രത്തോളം പ്രതീക്ഷിച്ചിരുന്നില്ല. ഒരു ഗ്രാമവും സംസ്ക്കാരങ്ങളും വേലി കെട്ടിയടക്കപ്പെട്ടിരിക്കുന്നു. ഒറ്റയടിക്ക് നൂറുകണക്കിന് വിലാസങ്ങൾ മാഞ്ഞുപോയി. ഫ്ലാറ്റ് പണിയുന്നതിനുള്ള ഒറ്റയൊരു കമ്പനിപേരായി മാറി, ഒരു കാവൽക്കാരനുമവിടെ വന്നു. കഥകളെല്ലാമറിഞ്ഞിട്ടും ഓർമ്മകളുടെ കത്തുകളുമായി ഞാൻ ആ പ്രദേശത്ത് എത്തി. ഇരുമ്പ് ഷീറ്റുകൾ കൊണ്ട് ഉയരത്തിൽ കെട്ടിമറച്ച മതിലും മുന്നിലായി വലിയൊരു ഗേറ്റും കാക്കിവേഷം ധരിച്ചൊരു അന്യസംസ്ഥാനക്കാരനായ കാവൽക്കാരനെയും കണ്ടു. അകത്തേക്ക് കയറാൻ അനുവാദം ചോദിച്ചു.
"എവിടേക്കാണ്?"
