ആഖ്യാനകലയുടെ വായനാതലങ്ങൾ

Readers Ink

ആഖ്യാനകലയുടെ വായനാതലങ്ങൾ


രോ വായനയും ഒരേ സമയം ആന്തരികവും ബാഹ്യവുമായുള്ള യാത്രകളായി മാറുന്നു. അത്തരത്തിലുള്ള അനേകം യാത്രകളെക്കുറിച്ചുള്ള പുസ്തകവായന വലിയൊരു തീർത്ഥാടനമായി മാറുന്നു. അങ്ങനെയൊരു പുസ്തകമാണ് കെ പി അപ്പൻ രചിച്ച ഫിക്ഷന്റെ അവതാരലീലകൾ. വായന നമ്മളെ നവീകരിക്കുന്നതെങ്ങനെയെന്ന് കാണിച്ചുതരുന്ന പുസ്തകം.

ലോകസാഹിത്യത്തിലെ നൂറോളം നോവലുകളെക്കുറിച്ച് പഠനങ്ങൾ എഴുതാൻ കരുതി കെ.പി അപ്പൻ തുടങ്ങിയതായിരുന്നുവത്രേ ഈ പുസ്തകം. പക്ഷേ, 25 പഠനങ്ങൾ മാത്രം എഴുതാനാണ് അദ്ദേഹത്തിന് സാധിച്ചത്. ടി.പത്മനാഭന്റെ അവതാരികയോടുകൂടി മരണാനന്തരം പുറത്തിറങ്ങിയ കൃതിയാണിത്.

തന്റെ ബോധത്തിന് പരിചരണമായി മാറുന്ന സാഹിത്യമാണ് തന്റെ തത്വചിന്തയെന്നും വിമർശനം എങ്ങനെ ദാർശനികമാനവികതയായി മാറുന്നുവെന്നും വിശദമാക്കിക്കൊണ്ടാണ് ഇതിലെ പഠനങ്ങൾ തുടങ്ങുന്നത്. ലാറ്റിനമേരിക്കൻ നോവലുകളുടെ പൊതുസ്വഭാവം പറഞ്ഞുകൊണ്ടാണ് പുസ്തകങ്ങളിലേയ്ക്ക് കടക്കുന്നത്. യാഥാർത്ഥ്യത്തിലും മാന്ത്രിക യാഥാർത്ഥ്യത്തിലും ഉയർന്ന ഭാവനയിലും വിരുദ്ധോക്തിയിലും ഊന്നിക്കൊണ്ടുള്ള രചനകളിലെ ഉള്ളടക്കം ദേശിക യാഥാർത്ഥ്യങ്ങളായിരിക്കും. ജെയിംസ് ജോയിസിന്റെ ബോധവിശകലനത്തിന്റെ സ്വാധീനവും ഫോക്നറുടെ ആഖ്യാനരീതിയുടെയും ദോസ്പാസ്സോസിന്റെ അനുഭവനിരീക്ഷണശൈലിയുടെ പ്രേരണകളും ഇത്തരം കൃതികളിലുണ്ടെന്ന് അപ്പൻ പറയുന്നു. അവ ഭൂതകാലത്തിൽ നിന്ന് മോചനം നേടി ഭാവിക്ക് അസ്തിവാരമിടുന്നു. മനുഷ്യനെ രൂപപ്പെടുത്തും വിധം സംഭവങ്ങൾ ആവിർഭവിച്ചും തിരോഭവിച്ചുംകൊണ്ടിരിക്കുന്നതിനാലായിരിക്കാം, ഒരു ജനത അവരുടെ നാടിന്റെ ആത്മാവിനെ തിരിച്ചറിയുന്നത് ആ നാട് ഉത്പാദിപ്പിക്കുന്ന സാഹിത്യത്തിലൂടെയാണെന്ന് അദ്ദേഹം പറയുന്നത്. അത്തരം സാഹിത്യകൃതികൾക്ക് മലയാളത്തിലും ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ പറ്റും.


Related Articles