ആ കുളങ്ങളെവിടെ...?

Readers Ink

ആ കുളങ്ങളെവിടെ...?


ഏതാണ്ട് മൂന്നര ദശാബ്ദം മുമ്പ് വരെ, നെല്ലിക്കുത്തുകാര്‍ എല്ലാ ദിവസവും സന്ധിക്കുകയും, വിശേഷങ്ങള്‍ പങ്ക് വയ്ക്കുകയും ചെയ്തിരുന്ന സംവേദന ഭൂമികയായിരുന്നു 'കണ്ണന്‍കുഴി കുളവും', 'പാറക്കുളവും'.! കാലത്തിന്റെ ഗതിപരിണാമങ്ങളില്‍, ഇവ ഉലഞ്ഞില്ലാതായി. ഗ്രാമീണ ജീവിതത്തേയും, സംസ്‌കാരത്തേയും ഏറെ സ്വാധീനിച്ചതായിരുന്നു ഈ കുളങ്ങള്‍. കുപ്പിവളക്കിലുത്തിന്റെ ധ്വന്ദിലം അലയടിച്ചിരുന്ന കുളക്കടവുകളും, അതിനെ വലയം ചെയ്തിരുന്ന വൃത്താന്തങ്ങളുമെല്ലാം ഗ്രാമീണ ജീവിതത്തിന്റെ ഒരു മുദ്ര തന്നെയായി വിശേഷിപ്പിക്കാനാകും. ഈ കുളക്കടവുകള്‍ നെല്ലിക്കുത്തിനോടൊപ്പം ഒരു പാട് കാലം സഞ്ചരിച്ചു. പിന്നീടെങ്ങിനെയോ ഇവ കാലിടറി പിന്‍മാറി.

നെടുനീളെ, വിരിച്ചിട്ട പച്ചപ്പുതപ്പ് പോലെ, വിശാലമായ പുഞ്ചപ്പാടത്തെ നെല്‍ത്തലപ്പുകളെ തലോടിയെത്തുന്ന ഇളം കാറ്റിനൊപ്പം, 501 അലക്ക് സോപ്പിന്റേയും, ചന്ദ്രികാ ബാത്ത് സോപ്പിന്റേയും സമ്മിശ്രഗന്ധം വമിച്ചിരുന്ന 'കണ്ണന്‍കുഴി' കുളത്തിനും, 'പാറക്കുളത്തിനു'മെല്ലാം നെല്ലിക്കുത്തിന്റെ ചരിത്രത്തില്‍, ചെറുതല്ലാത്ത ഒരിടം ഉണ്ട്. എത്രയോ നാട്ടുവര്‍ത്തമാനങ്ങള്‍ക്കും, കുശുമ്പിനും, കുന്നായ്മക്കുമെല്ലാം മൂക സാക്ഷിയായിരുന്ന ഈ കുളക്കടവുകള്‍ യഥാര്‍ത്ഥത്തില്‍ ഈ ദേശത്തിന്റെ 'സാംസ്‌കാരിക വേദി'യായിരുന്നു എന്ന് പറയുന്നതാകും കൂടുതല്‍ ശരി. ദേശക്കാര്‍ക്കിടയിലെ സഹവര്‍ത്തിത്വത്തിന് ഈ കുളക്കടവുകള്‍ വഹിച്ച പങ്കും ചെറുതായിരുന്നില്ല.

കെസ്സ്പാട്ടുകളും, കോല്‍ക്കളി പാട്ടുകളും, വയലാറിന്റേയും, പി ഭാസ്‌കരന്‍ മാഷിന്റേയുമെല്ലാം വരികളുമെല്ലാം മൂളിയിരുന്ന ഒരു ജന സമൂഹത്തിന്റെ സങ്കല്‍പ്പങ്ങളും, സ്വപ്നങ്ങളും, ചലനാത്മകമായിരുന്ന പ്രധാന വേദികളായിരുന്നു ഇവ. 'ഏഷണി വര്‍ത്തമാനങ്ങ'ള്‍ രൂപമെടുത്തും, 'ഗ്രാമീണ പ്രണയ'ങ്ങള്‍ മൊട്ടിട്ടും, ഏതൊക്കെയോ പ്രണയങ്ങള്‍ തകര്‍ന്നടിഞ്ഞും, സംഘര്‍ഷാത്മകമായ ഗ്രാമത്തുടിപ്പുകള്‍ ഇവിടെയാണ് ചിറകിട്ടടിച്ചിരുന്നത്.


Related Articles