തുടർച്ചകളുടെ വക്ക് പൊട്ടിച്ച് നിശ്ചലതകളില്ലാതെ തുടരുന്ന യാത്ര. തലസ്ഥാന നഗരി വരെ ഓടി എത്തേണ്ട ട്രെയിനിൽ പല വിടാലടികളുമായി മുമ്പും ഞാനെത്തിയതാണ്. കൂടെ ആരുമില്ലെന്നതിനാലും നോട്ടുകളുടെ വലിപ്പമില്ലാത്തതിനാലും ശ്രമങ്ങളല്ലാം ഉപേക്ഷിച്ച് അവയൊക്കെയും സ്വപ്നമാണെന്ന് കരുതി ഇരുട്ട് കുത്തിയ രാത്രിയിൽ ചെവിയിൽ പാട്ടും തിരുകി പിന്നെയും ഞാന്നു കിടക്കും. എന്നെയും വലിച്ച് നീണ്ടു പോകുന്ന പാതയുടെ കുറുകെ നീ പോയ അതേ ട്രയിനിൽ ഒന്നിച്ച് കാണാമെന്ന് ശാഠ്യം കെട്ടിയ സ്ഥലങ്ങളിലേക്ക് സമ്പര്ക്കക്രാന്തി എക്സ് പ്രസ്സിൽ ഇന്നു ഞാനുണ്ട്. മൺവഴികളിലും മേഘങ്ങൾക്കിടയിലും നിറയെ പൂത്തുതളിർത്ത അതിശയ നിറമുള്ള പൂവുകളെ പോലെ കൂടെ നീയില്ലാത്ത ദുഖം ഇപ്പോഴും വിടർന്നു തന്നെ എന്നിലുണ്ട്. എത്താതെ അടർന്നുപോയ മുന്തിരിക്കുലകളിലെ എന്നോ അടർന്നു വീണ മണികളെ പോലെ ഈ യാത്രയിൽ നിൻ്റെ സ്മരണകളെയും ഞാൻ ഓർത്തുവെയ്ക്കുന്നു. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ക്ഷണിക്കപ്പെടാതെ ഈ കാലങ്ങൾ എങ്ങനെ കടന്നുപോയി എന്നതോർത്തു ഞാനത്ഭുതം കൂറുന്നു. ഇതിനെല്ലാം പുറമെ ഹൃദയത്തിനു വന്നു ചേർന്ന പരമമായ ആനന്ദവും ഈ കുറിപ്പിനകത്ത് വായിക്കാൻ നിനക്കു കഴിയും. എൻ്റെയുള്ളിൽ നിറഞ്ഞു പതിയുന്ന കാവ്യ ഭാവനയെ തടയുകയാണോ ഇതെന്ന് എനിക്കറിഞ്ഞുകൂടാ. നീരാവി തിങ്ങി മുറുക്കി അടയ്ച്ചു വെയ്ക്കപ്പെട്ട ആവിപ്പാത്രം എങ്ങനെ ആയിത്തീരുന്നു.. ആ അവസ്ഥ നിനക്ക് ഊഹിക്കാമല്ലോ.
രണ്ടു ദിവസത്തെ യാത്രയാണ് കേരളത്തിൽ നിന്ന് ദില്ലി വരെ. അവിടുന്ന് ഇത്തിരിയും പിന്നിട്ടാൽ കശ്മീരിലേക്ക്. വിയർപ്പു രുചികളുടെയും പാൻ മസാലകളുടെയും കറ പിടിച്ച ഈ ദിനങ്ങൾ ഒത്തിരി സ്വപ്നങ്ങളും അനുഭൂതിയും എനിക്കുണ്ട്. ഞാനിപ്പോൾ ശാന്തനാണ്. ഇരുട്ടിലും സംശയത്തിലും ഒരുപോലെ യാത്ര എന്നെ നിയന്ത്രിച്ചിരിക്കുന്നു. അല്ലെങ്കിലെൻ്റെ ആത്മാവിൻ്റെ കപ്പിത്താനായതു പോലെ.. ഇതൊന്നും ഒരു വിരാമമായിട്ടല്ല. മറ്റൊരു ഘട്ടം. അനന്തമായ ആഗ്രഹങ്ങളെ കുമിഞ്ഞ് വെച്ച സ്വപ്നങ്ങൾ സഫലമാകുന്ന ഏറ്റവും സുന്ദരമായ നിമിഷങ്ങൾ. പരിമിതാനുഭവത്തിൽ ഞാനൊപ്പിയെടുത്ത യാത്രയിലെ ചില മുഖങ്ങളെകുറിച്ച് ഇനി അൽപ്പം പറയാം. വേവലാതികളും പരിദേവനങ്ങളും പങ്കുവെക്കാൻ കൊതിക്കാത്ത ഏതു ഹൃദയമാണല്ലേ ഉള്ളത്?
തെളിഞ്ഞ നീലാകാശം കടം ചോദിക്കാൻ വെമ്പുന്ന ആയുസ്സിൻ്റെ അനേകം ഭാരങ്ങൾ കയറ്റി വെച്ച ഇരുണ്ട മുഖമുള്ള പെൺകുട്ടിയാണ് എനിക്കഭിമുഖമായി ആദ്യം ഇരുന്നത്. നിശ്ശബ്ദതകൾ ഭേദിക്കുവാൻ കിലുക്കം നിലച്ച ക്ലാവ് പിടിച്ച അവളുടെ പാദസരം ആയാസപ്പെട്ടൊന്നു ചിരിച്ചതായി എനിക്കനുഭപ്പെട്ടു. വിയർപ്പിനും കാറ്റിനും ഒരേ രുചിയായതു പോലെ കുന്നു പിടിച്ച മാലിന്യങ്ങൾ ജനലിനു പുറത്ത് സമൃദ്ധമായുണ്ട്. എങ്കിലും അവൾക്കു കേൾക്കാവുന്ന ഇരമ്പത്തിൽ ഒരു കടൽ അലകൾ തീർത്തു കൊണ്ടേയിരിക്കുന്നത് നീ കേൾക്കുന്നുവോ.. സത്യ ധർമ്മ നീതിയുടെ സമ്മിശ്രമായ ചിലങ്ക മണികൾ കരങ്കല്ലിൽ അഭയം തേടിയ ദൈവഹിതങ്ങളിൽ ആർത്തലച്ചു ചിരിക്കുന്നത് ഞാനവളിൽ കണ്ടു കഴിഞ്ഞു. കെട്ടു പിണഞ്ഞു വേർപ്പെടാതെ പോയ ഹൃദയ നിശ്വാസങ്ങളുടെ ദളമർമ്മരങ്ങൾ കൂരിരുൾ തടവറയിൽ മാറ്റൊലി മുഴക്കുന്നതുപോലെ അവളിൽ ഞാനിപ്പോഴും ബന്ധനസ്ഥനാണ്. ദുഖങ്ങൾ നിറഞ്ഞ എത്ര മുഖമാണ് എൻ്റെ ചുറ്റിലും. പുറത്തെ കാഴ്ചകളിലെക്ക് കണ്ണെറിഞ്ഞ് അവരിക്കുന്നത് കാണാൻ കഴിയാതെ വിരസതകളെ ഭേദിക്കാൻ തോൾ സഞ്ചിയും തൂക്കി ഞാനാ ബോഗിയിലൂടെ നടന്നു. സഹയാത്രികർക്ക് കിട്ടിയ ഇരിപ്പിടങ്ങൾ വിവിധ ഭാഗങ്ങളായതിനാൽ നടത്തം എനിക്ക് പതിവാക്കേണ്ടി വന്നു.
