കണ്ണിനു മുകളിൽ ചുവന്ന വെളിച്ചം താണു തുടങ്ങിയപ്പോഴാണ് ചെറിയ ഒരു മറവിയിൽ നിന്നും ഞാൻ കണ്ണുതുറക്കുന്നത്. സന്ധ്യ മയങ്ങിത്തുടങ്ങിയിരിക്കുന്നു. വന്നു ചെറുതായി ഒന്ന് കണ്ണടച്ചിരുന്നതേ ഓർമ്മവരുന്നുള്ളു. സമയം ഇത്രയും കടന്നു പോയോ? ഒന്ന് കണ്ണ് തുറന്നു നോക്കുമ്പോൾ ചുവന്ന മേഘങ്ങൾ ആകാശത്തിന്റെ അടുക്കുകളിൽ ആഴം കൊണ്ട് കിടക്കുന്നു. ചെറിയ കാറ്റിന്റെ ഒഴുക്കിൽ കഷണ്ടിയിൽ ഓർമ്മയുടെ തണുപ്പ് ഇറങ്ങുന്നപോലെ.
എന്തോർത്തിട്ടാണെന്നോ, എനിക്ക് അറിയില്ല. ഓർമ്മകൾ വന്നു പെടുന്ന ഈ നൊമ്പരത്തിൽ നിന്നും ഇറങ്ങിപ്പോകാൻ കഴിവില്ലാത്ത വിധം ഈ മലമുകളിൽ വന്നിരിക്കുന്നത് എന്തിനാണെന്നോ എന്ന് എനിക്ക് അറിയില്ല. മനസിന്റെ കയറ്റങ്ങളിൽ ആരുമില്ലാത്ത ആർക്കും മനസിലാവാത്ത ഒരു ഏകാന്തത. ആരും അറിയാതെ ഒഴുക്കുന്ന ശൂന്യത. കാലങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു ഇങ്ങനെ വന്നിരുന്നിട്ട്.
പണ്ടൊക്കെ ഞാനും ബാഹുലനും വന്നിരിക്കാറുള്ള ഈ മല മുകളിൽ കള്ള് കുടിക്കാൻ പോലും ആരും ഇപ്പോൾ വരാറില്ലെന്നു തോന്നുന്നു.
