ഇന്നും എന്നുമിരിക്കാറുള്ള സീറ്റ് ഒഴിവാണ്; സന്തോഷം. ഇഷ്ടമുള്ള ഇടതുവശത്തെ സീറ്റ്. സ്ഥിരം ഇരിപ്പിടമാകുമ്പോൾ സ്വന്തമാണെന്ന ഒരു മിഥ്യാബോധവും അവകാശവും. എന്നും കിടക്കാറുള്ള കട്ടിലും ഇരിക്കുന്ന കസേരയും പോലെ. ഈ സീറ്റിൽ കാഴ്ചകൾ കണ്ട് ഇരിക്കാൻ ഒരു രസമാണ്. എന്നും കാണാറുള്ള കഴ്ചകളാണ്, എന്നാലും! വാതിൽ കഴിഞ്ഞ് ഇടതു വശത്തെ മൂന്നാമത്തെ സീറ്റ്.
തീവണ്ടി പതുക്കെ നീങ്ങിത്തുടങ്ങി. എതിർവശത്ത് അഴുക്കുപിടിച്ച കറുപ്പും, ചുവപ്പും, പച്ചയും, മഞ്ഞയും, നിറമുള്ള നീളൻ തുണികൊണ്ട് തലപ്പാവ് ധരിച്ച ഒരു പാവം കർഷകൻ. കർഷകനായിരിക്കണം! ആരെയും കൂടുതൽ ശ്രദ്ധിക്കാറില്ല എങ്കിലും ചെറുതായി വിലയിരുത്താൻ ശ്രമിക്കും. അതൊരു ശീലമായി. പാവം വെയിൽ കൊണ്ട് കരുവാളിച്ച മുഖം, മീശയുടെ അറ്റം പിരിച്ചു വച്ചിരിക്കുന്നു. ഏതോ പ്രതാപകാലത്ത് ആ മീശക്ക് ഇതിലും കനമുണ്ടായിരുന്നിരിക്കും. അയാൾ അയാളുടെ ചിന്തയിലാണ്ട് പുറത്തേക്ക് നോക്കിയിരിക്കുന്നു. എന്താണോ ആവോ?കണ്ണുകളിൽ ശൂന്യത. വെള്ളെഴുത്തു വീണിരിക്കുന്നു ഒട്ടിയ കവിൾത്തടങ്ങളും ചുളിഞ്ഞ തൊലിയും, കുഴിയിലാണ്ട കണ്ണുകളും. നെറ്റിക്കു കുറുകെ ആഴത്തിൽ മൂന്ന് നാല് വര വീണിരിക്കുന്നു.
പുറത്ത് കൊയ്ത്തു കഴിഞ്ഞ പാടങ്ങളാണ് നെല്ലോ ഗോതമ്പോ ആവാം. നല്ല വെയിലുണ്ട്. പാടത്ത് കന്നുകാലികൾ മേഞ്ഞുനടക്കുന്നു. അവിടവിടെയായി വൈക്കോൽ കൂനകൾ കാണാം. ദൂരെ ഗ്രാമത്തിൻ്റെ അതിരുകൾ കാണാം. ഒറ്റപ്പെട്ടു നിൽക്കുന്ന കരിമ്പനക്കൂട്ടങ്ങളിൽ നിരന്നിരിക്കുന്ന കൊക്കുകൾ. തെളിഞ്ഞ ആകാശത്ത് ഉയരത്തിൽ ഇരപിടിയൻ പരുന്ത് വട്ടംചുറ്റുന്നു. താഴെ എവിടെയോ അതിൻ്റെ ഇര സ്വന്തം ജീവൻ്റെ മേലെ വട്ടം ചുറ്റുന്ന മരണമെന്ന അറിവിനെ അറിയാതിരിക്കുന്നു.
