എന്റച്ഛനെക്കുറിച്ച്
നിങ്ങൾക്കെന്തറിയാം?
സൂര്യൻ
പല്ലുതേച്ച് ചിരിക്കും മുമ്പ്
അവസാനത്തെ നക്ഷത്രവും രാത്രിയാപ്പീസിലെ
നൈറ്റ് ഡ്യൂട്ടിയിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ്
പശുപ്പാലും റബർപാലും കറക്കാൻ ആളെത്തും മുമ്പ്
പ്രതിമകൾ ആട്ടം നിർത്തുകയും
മരങ്ങൾ ആട്ടം തുടങ്ങുകയും ചെയ്യുന്നതിന് മുമ്പ്
കമ്പിളി പുതച്ച്
ഇറങ്ങി നടക്കുന്ന എന്റച്ഛനെക്കുറിച്ച്
നിങ്ങൾക്കെന്തറിയാം?
ഉറങ്ങിയെഴുന്നേറ്റിട്ടില്ലാത്ത
നെടുംപാതയെ ശല്യപ്പെടുത്താതെ
മൂന്ന് കുട്ടികളുടെ വിശപ്പ് വലിച്ചു നീട്ടി-
യതിൽ ചവിട്ടി ആകാശം നടന്നു കയറുന്ന
അടുത്ത നിമിഷത്തേക്ക് പോലും ആയുസ്സില്ലാത്ത കൂര
നിലം പതിക്കാതെ കാക്കാൻ
അതിരാവിലെ ഭൂമി തുരന്ന് എതിർധ്രുവം അണയുന്ന
എന്റച്ഛനെക്കുറിച്ച്
നിങ്ങൾക്കെന്തറിയാം? .
എന്റച്ഛനെക്കുറിച്ച്
നിങ്ങൾക്കെന്തറിയാം?
എന്തിനെവിടെ പോവുന്നുവെന്ന്?
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന്റന്ന്
പുതുവർഷാഘോഷത്തിന്റന്ന്
തിരഞ്ഞെടുപ്പ് ജയമയത്തിൽ നാട് ആടിയപ്പോൾ
അച്ഛനെവിടെ പോയെന്ന്?
