കറുപ്പും ചുവപ്പും ഉറുമ്പുകളെ ഇട്ടു വച്ചിരുന്ന ഗ്ലാസ്സ് ഭരണി വലംകയ്യാൽ ഉയർത്തിപ്പിടിച്ചു ആഞ്ഞു കുലുക്കി.
ടക... ടക... ടക..!
പ്രകമ്പനം എവിടെ നിന്നെന്നറിയാത്ത ഉറുമ്പുകൾ പരവേശം പൂണ്ട് ഓടി നടന്നു. ചിലത് ഓടി ഭരണിയുടെ മുകളിലേക്ക് കയറി. പരക്കം പാച്ചിലും ബഹളവും തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ ഗ്ലാസ്സ് ഭരണി തുറന്ന് ഉറുമ്പുകളെയൊന്നാകെ തറയിലേക്കിട്ട് ചവിട്ടിയരച്ചു കൊണ്ട് പകുതിയടഞ്ഞ ഒറ്റക്കണ്ണുമായി പരിശീലകൻ മുരണ്ടു;
"പോ... ചത്തുതുലഞ്ഞു പോ... പ്രസ്ഥാനത്തെ വഞ്ചിക്കുന്ന ഏവരും ചത്തുതുലഞ്ഞു പോ. പരിഭ്രാന്തി സൃഷ്ടിക്കണം.. ആരെന്നോ എന്തെന്നോ അറിയാത്ത നേരത്ത് ആരുമറിയാതെ ഒളിച്ചിരുന്ന് ആക്രമിക്കണം. ഭരണിയുടെ മുകളിലേക്ക് കയറാൻ അനുവദിക്കാത്ത ഉറുമ്പുകൾ പോലെയാകണം. ചത്താലും കടി വിടാതെ ശത്രുവിന് മേൽ തൂങ്ങിക്കിടക്കണം. തേച്ചരച്ചാലും തീവച്ചാലും കൂട്ടമായി ചെല്ലണം. ആക്രമിക്കണം. ചത്തു പോ. എൻ്റെ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്ന ശത്രുക്കളേ നിങ്ങൾ ഏവരും ചത്തു തുലഞ്ഞു പോ."
