ഏറെ നാളുകൾക്ക് ശേഷമാണ് താൻ മലയാളിയായ ഒരാളെ കണ്ടുമുട്ടിയത്. പ്രാകൃതമായ തൻ്റെ രൂപത്തിനുള്ളിലും താനൊരു മലയാളിയാണെന്ന് എങ്ങനെ തിരിച്ചറിഞ്ഞു എന്നത് തെല്ലൊന്നമ്പരപ്പിച്ചു. താൻ ആരാണെന്നും ഇവിടെ എങ്ങനെ എത്തിപ്പെട്ടെന്നും നാടും വീടും പേരും എല്ലാം ഒന്നിന് പിറകെ ഒന്നായി ചോദിച്ചു കൊണ്ടിരുന്ന അയാളിൽ നിന്നും ഒഴിഞ്ഞുമാറാൻ കിണഞ്ഞ് ശ്രമിച്ചിട്ടും തന്നെ വിടാൻ അയാൾ ഒരുക്കമായിരുന്നില്ല. ഗത്യന്തരമില്ലാതെ അവസാനം അയാളെ തൻ്റെ ഖൈമയിലേക്ക് കൂട്ടിക്കൊണ്ട് പോയി. നിലത്ത് വിരിച്ചിരുന്ന പഴകി കീറിയ കാർപ്പറ്റിൽ യാതൊരു സങ്കോചവും കൂടാതെ ഇരിക്കുന്ന അയാളെ കണ്ടപ്പോൾ പതിവില്ലാതെ തൻ്റെ കണ്ണുകൾ നിറയുന്നത് അസ്വസ്ഥനാക്കി.
"ഇവിടെ കുടിക്കാൻ പ്രത്യേകിച്ച് ഒന്നുമില്ല"
കുന്നും മലയും പാറക്കെട്ടുകളും താണ്ടി നടന്ന് ക്ഷീണിച്ച വന്ന ആ മനുഷ്യനോട് ക്ഷമാപണമെന്നോണം പറഞ്ഞു.
"ഏയ് അതിന് എന്താ എൻ്റെ ബാഗിൽ ജ്യൂസും വെള്ളവും ഒക്കെ ഉണ്ട്."
