ആ ഒരു മനുഷ്യനെ കുറിച്ചുള്ള സ്വപ്നം ഇപ്പോൾ പതിവായിരിക്കുന്നു. അയാളുടെ പുറകിലുളള അറ്റം കാണാതെ നീണ്ടു കിടക്കുന്ന കറുത്ത നൂലിന്റെ അർത്ഥമെന്താണ്? പക്ഷേ കയ്യിലുളള നൂലിന്റെ റോള് വെളുത്തതാണല്ലോ! സ്വപ്നങ്ങളെല്ലാം സിമ്പോളിക്കായാൽ എന്താണ് ചെയ്യുക? മോഡേൺ ആർട്ട് മനസ്സിലാക്കാൻ പോലും ഇത്ര കഷ്ടമില്ല. എത്രയാവർത്തി ആ സ്വപ്നം കണ്ടു. പക്ഷേ ഈയിടെയായി സ്വപ്നത്തിൽ ആ മനുഷ്യൻ്റെ കയ്യിലുളള വെളുത്ത നൂലിന്റെ കനം കുറഞ്ഞു വന്നിട്ടുണ്ട്.
ഓരോന്ന് ആലോചിച്ച് കട്ടിലിൽ നിന്നും എഴുന്നേറ്റു ഒരു വെടിപ്പും വൃത്തിയുമില്ല എന്ന് എന്നെപ്പറ്റി അമ്മ മാത്രമേ പറയാറുള്ളൂ. കാരണം ദിവസവും കുളിച്ച് അലക്കിതേച്ച തൂവെള്ള നിറത്തിലുള്ള ഖദർ ഷേർട്ടും മുണ്ടും ഉടുത്താണ് ഞാൻ വെളിയിലോട്ടിറങ്ങുക. കഴിഞ്ഞ ദിവസം എയ്ഞ്ചലിലെ ഒരു മീറ്റിങ്ങിൽ വച്ച് "പൊന്നോമന പുത്രൻ" എന്നാണ് എന്നെ അവിടുത്തെ മാനേജർ പൗലോസ് ചേട്ടൻ വിശേഷിപ്പിച്ചത്. ഒറ്റ ആഴ്ച കൊണ്ട് നീളം വയ്ക്കുന്ന കൈയിലെ നഖങ്ങൾ വരെ എന്നെ അലോസരപ്പെടുത്താറുണ്ട്. പിന്നെയെന്താണ് അമ്മ എപ്പോഴും ഇങ്ങനെ എന്നെ വിശേഷിപ്പിക്കുന്നത്. വീടിന്റെ ഉമ്മറത്ത് ഒരു ഫലവും തരാതെ ആകാശം മുട്ടെ നീണ്ട് പോകുന്ന ഒരുപടു വൃക്ഷമുണ്ട് അത് മുറിച്ച് മാറ്റാൻ പറയുമ്പോൾ അമ്മയ്ക്ക് പറ്റൂല അത് പൊഴിയ്ക്കുന്ന ചപ്പുകളെത്രയായാലും തൂത്ത് വാരിക്കോളും അതൊക്കെയല്ലേ സത്യത്തിൽ വൃത്തിയാക്കൽ.
"ഉപകാരമില്ലാത്തതിനെ കളയുക എന്നൊരു ശീലമേയില്ല എല്ലാം കെട്ടിപ്പൂട്ടി നിറച്ച് വയ്ക്കും ഓരോ മൂലയിലും വെറുതേ പാമ്പുകൾക്ക് താവളം ഒരുക്കാൻ!" മുറിയിലെ മരക്കട്ടിലിന്റെ അഴിയിലാണ് എന്റെ തൂവാലയും, മുണ്ടും ഞാൻ തിരുകി വെയ്ക്കുക അലമാരയിൽ വെടിപ്പായി മടക്കി വെയ്ക്കണമെന്നൊക്കെ തോന്നാറുണ്ട് ചിലപ്പോഴൊക്കെ ചെയ്യാറുമുണ്ട്. പക്ഷെ സമയം കിട്ടാറില്ല. മഞ്ഞയും നീലയും ചട്ടയുള്ള കുറേ ഫയലുകൾ ഉണ്ട് മുറിയിൽ അതിനെ ഒന്നും ചെയ്യാൻ പറ്റില്ല, കാരണം പത്തിരുപത് കൊല്ലത്തെ കണക്കുകൾ സൂക്ഷിച്ച് വച്ച ഫയലുകളാണ്. ഒന്നെടുത്ത് കളയുമ്പോഴാണ് അതിന്റെ ആവശ്യം വരിക. അതുകൊണ്ട് ഒന്നും തൊടാറില്ല. കണക്ക് കൂട്ടി വേണ്ടാത്ത പേപ്പറുകളൊക്കെ കളയണമെന്നും തോന്നും, അങ്ങിങ്ങായി ചുരുട്ടിയെറിഞ്ഞ തുണ്ട് പേപ്പറകളടക്കം മൂന്ന് നാല് ദിവസത്തെ പകുതി കുടിച്ച് അവശേഷിപ്പിച്ച ചായ കപ്പുകൾ വരെയുണ്ട് മുറിയിൽ.
