വിട്ടുപോവാത്തവ

Poem

വിട്ടുപോവാത്തവ



ഒന്നിലും കൊള്ളാത്ത
പ്ലാസ്റ്റിക്കു വാക്കുകൾ
കഷ്ടിച്ചൊരുചാക്കി–
ലാക്കി ടൂവീലറിൻ
പിന്നിലുറപ്പിച്ചു–
വച്ചു, വളവുകൾ,
ആളുകൾ തീരെയി
ല്ലാത്ത നേരങ്ങളിൽ,
നോക്കി നടന്നു, ഞാൻ,
തട്ടുവാൻ, പറ്റിയ
വഴിയിലെ പാടങ്ങൾ,
ഒഴിഞ്ഞ ചിൽപ്പാതകൾ,
പകലും വിജനത
മൂടിയ കൊക്കകൾ,
പൊട്ടക്കിണറുകൾ,
പുഴകൾ കടലുകൾ,
കൊണ്ടുപോയ് തട്ടുവാൻ
പറ്റിയ ദിക്കുകൾ
നോക്കി,പ്പതുക്കെ–
പ്പരുങ്ങിയൊഴുകുന്ന
പുഴയുടെ പാലത്തി–
ലിഴയുന്ന തീവണ്ടി,
ബസ്സ്, സിലബസ്സ്
എവിടെയും.

തള്ളാൻ ശ്രമിക്കുമ്പൊ
ളോർമ്മതൻ കട്ടിയി–
രുട്ടിന്നറകളിൽ
കൂട്ടിയപോലവ
തങ്ങിനില്ക്കുന്നുണ്ട്
ഇട്ടയിടത്തൊരു
രൂപഭാവങ്ങളു–
മില്ലാതെ,
വെല്ലുവിളിച്ചു ഭൂ–
കാന്ത വ്യവസ്ഥയെ.

കേറുന്ന നേരം, വഴുക്കി
ച്ചെരുവിലുറഞ്ഞ
മഞ്ഞിൽ താഴ്ന്നു
പോയ പരാജയ–
പ്പെട്ട ശവങ്ങളായ്,
കത്തിച്ചുകളയുവാൻ
നോക്കുമ്പൊളെത്രമേ–
ലസ്വസ്ഥജനകമ–
തിൻ വിഷനീലിമ,
ശ്വാസഗളങ്ങളെ
ച്ചുറ്റിപ്പിടിയ്ക്കുന്നു,
പറ്റാതെ നിത്യവും
പോരും തിരിച്ചതേ
പാതയിൽക്കൂടി ഞാൻ,
ചാക്കിലുണ്ടാവുമെൻ
പ്ലാസ്റ്റിക്കു വാക്കുക–
ളൊക്കെയുമപ്പൊഴും,

ആക്രിക്കടയിൽ
പരീക്ഷിച്ചുനോക്കുവാൻ
പോയപ്പൊളവിടെ
യെടുക്കും തുരുമ്പിച്ച
കമ്പികൾ, പൊട്ടിയ
ചില്ലുകൾ, മുട്ടുകൾ
വിണ്ട കസേരകൾ
കൈകാലൊടിഞ്ഞ
പ്ലാസ്റ്റിക്കു കട്ടിൽ
മുഖം ചപ്പി മണ്ണിൽ
കമഴ്ന്നു കിടക്കുന്ന
മഞ്ഞ മരപ്പാവ,
പാത്രങ്ങൾ, സൈക്കിൾ
ക്കഷണങ്ങൾ മൂട്ട–
വിളക്ക് ഉരുകിയ
ലോഹങ്ങൾ, പാട്ട,–
മരം, ടയർ, എന്തു
പാഴ്വസ്തുവും,
മലയാളമൊഴികെ

Vittupovathava by Hrushikesan P.B. captures the struggle of words and memory in a world that feels polluted and fragmented.


Related Articles