വി(റ്റു)ട്ടു പോയ വീട്

Poem

വി(റ്റു)ട്ടു പോയ വീട്


ർമ്മകളിൽ നിന്നിറങ്ങി നടക്കവേ
വി(റ്റു)ട്ടു പോയ വീട് എതിരെ വരുന്നു.
ബാല്യം മണക്കുന്നൊരു കുഞ്ഞുടുപ്പ് നീട്ടി
തലോടി വീട് ചിരിച്ചു.
തൊടികളിൽ നിറയെ തൊട്ടാവാടിച്ചെടികൾ
തൊടാനായവേ വീട് പറഞ്ഞു,
നിറയെ മുള്ളാണ്.
കുഞ്ഞ് പാദങ്ങൾ തെളിഞ്ഞ മുറ്റത്ത്
മുക്കുറ്റികൾ പൂത്തത് കണ്ട് വീട് പറഞ്ഞു
ഓർമ്മകളാണ് വിരിഞ്ഞു നില്ക്കുന്നത്.
അകത്തളത്തിൽ നിന്ന് അമ്മ മുറ്റത്തേക്കിറങ്ങി
നടക്കുന്നു നനച്ചിട്ട സാരികളിലൊന്ന് തൊട്ടനോക്കുന്നു.
സ്ഥാനം തെറ്റിപ്പോയ വള്ളിച്ചെരിപ്പുകളിലൊന്ന്
നേരെയാക്കി വയ്ക്കുന്നു അച്ഛൻ.
പറന്നു പോകുന്നൊരു തൊട്ടാവാടിയെ നോക്കി
പോകുന്നു പെങ്ങൾ.
വീടിനുള്ളിലാകെ ഇരുട്ടെങ്കിലും കൺമുന്നിലെത്തുന്നു
പുസ്തകങ്ങൾ നിറച്ച പഴയ പെട്ടി
തീപ്പെട്ടി പടങ്ങൾ നിറഞ്ഞ കവറുകൾ
എഴുതി തീർന്ന പേനകൾ
ചിലന്തി വല കെട്ടിയ മയിൽപ്പീലികൾ.
ഒരു കണ്ണ് നഷ്ടമായൊരു പെൺ പാവ.
വായിച്ച പുസ്തകങ്ങളുടെ താളുകൾ.
പിൻവിളികൾ, ശാസനകൾ.
സ്നേഹസ്വരങ്ങൾ, അമ്മവിളമ്പിയ കറികളുടെ മണം
അച്ഛന്റെ ക്യൂട്ടിക്കൂറാ പൗഡറിന്റെ ഗന്ധം.
ഏട്ടന്റെ പരാതികൾ
പെങ്ങളുടെ "ഘനശ്യാമ സന്ധ്യാ ഹൃദയം"
എന്ന ലളിത ഗാനം
വി(റ്റു)ട്ടു പോയ വീട് തുറന്നിട്ട ലോകത്തിലൂടെ
നടക്കവേ വിട്ടു പോയവർ പുറകേ വരുന്നു.
വിട്ടു പോകാൻ കഴിയാത്തൊരു ഓർമ്മയായി വീട്
കൈപിടിച്ചൊപ്പം വരുന്നു.
വി(റ്റു)ട്ടു പോയ പോകാമെന്നല്ലാതെ
വിട്ടു കളയാൻ കഴിയാത്ത വീടുകൾ
ഓർമ്മകളിൽ നിന്നിറങ്ങി നടക്കുന്നുണ്ട്.


Related Articles