വിഷാദമാണെനിക്കുള്ളിൽ കൂട് കൂട്ടിയിരിക്കുന്നതെന്നും വെളിച്ചത്തോടല്ല നിഴലുകളോടാണെന്റെ യുദ്ധമെന്നും ശബ്ദമില്ലാതെ പാടുന്ന പക്ഷിയെക്കണ്ടുകൊണ്ടാണ് ഞാൻ ഉണർന്നത്. എനിക്കതിന്റെയൊച്ച കേൾക്കാമായിരുന്നു. എന്റെ മുറിയുടെ ചില്ലുജനാലയെ അതു കൊത്തിപ്പറിച്ചു. എന്റെ കൂട്ടുകാരിയുടെ മാസങ്ങൾനീണ്ട കരച്ചിലുകൾക്ക് ഇതേ ഈണമായിരുന്നു. അതിന്റെ ആരംഭം മുതൽ ശമനം വരെയെന്റെ വിരലുകൾക്കിടയിൽ സിഗാറുകൾ എരിഞ്ഞുതീർന്നിരുന്നു.
ജനാല തുറക്കുവാൻ ശ്രമിക്കവേ പക്ഷിയുടെ കൂർത്ത കൊക്കുകൊണ്ടെന്റെ വിരൽ മുറിഞ്ഞു. രക്തം നുണഞ്ഞുകൊണ്ടിരിക്കേ പക്ഷിയുടെ കണ്ണുകൾക്ക് പകരം അവളുടെ കണ്ണുകൾ ഞാൻ കണ്ടു. അവളെപ്പോഴാണ് കണ്ണുകൾ ദാനം ചെയ്തത്? അവളുടെ ലാവണ്യമളക്കുമ്പോൾ മിഴികൾക്കുപകരം ശൂന്യമായ രണ്ടു കറുത്ത ഗോളങ്ങൾ മുഴച്ചുനിന്നു.
എനിക്കെന്റെ ഉന്മാദത്തിലലയുവാൻ ചുറ്റുമുള്ള പരിധികളിൽനിന്നും ഞാൻ അവളെ സ്വതന്ത്രയാക്കി. അവളുടെ ചുമലിൽ കൈകൾ ആഴ്ത്തിയില്ല. ഉരുണ്ടുചിതറിയ കണ്ണുനീർവിത്തുകളെ കൈവെള്ളയ്ക്കുള്ളിൽ സൂക്ഷിച്ചുവെച്ചില്ല.
ചില്ലുകൾ കുത്തിയിറക്കിയ അവളുടെ കഴുത്തിൽ എത്രയോ പകലിരവുകളിലെന്റെ അധരങ്ങൾ വിശ്രമിച്ചിരുന്നതാണ്. രതികേളികളിടകലർന്ന ഉൾക്കടൽയാത്രകളിൽ ഇതേ കഴുത്തിലേക്കെന്റെ മുഖമവൾ ഒതുക്കിവെയ്ക്കുമായിരുന്നു. കാമത്തിന്റെ നീലക്കൊടുവേലിഗന്ധമവളുടെ കഴുത്തിൽ ഉണങ്ങിക്കിടന്നിരുന്നു.
