പരസ്പരം പ്രണയിക്കുന്ന ആണുങ്ങൾ

Poem

പരസ്പരം പ്രണയിക്കുന്ന ആണുങ്ങൾ


1.


പരസ്പരം പ്രണയിക്കുന്ന ആണുങ്ങൾ
ഒറ്റയ്ക്ക് പൂക്കുന്ന മരങ്ങളാണ്
ഇലകളും ചില്ലകളും തൊട്ട് തൊട്ട്
ഉൻമാദത്തിന്റെ അങ്ങേയറ്റത്തിൽ
ആനന്ദത്തിന്റെ പൂക്കൾ വന്ന് തുടങ്ങും
സ്വന്തം പേരുള്ള വസന്തത്തെ നേരിടാൻ
ഒരേ നിറത്തിൽ പൊടിയുന്ന
വിയർപ്പുതുള്ളികൾ മാത്രം മതിയെന്ന്
ഒറ്റയിരിപ്പിൽ തിരിച്ചറിയും
പരസ്പരം പൂക്കുന്ന ആണുങ്ങൾ

2.


പരസ്പരം പ്രണയിക്കുന്ന ആണുങ്ങൾ
കാലിനുമേലെ കയറ്റിവെച്ച കാലാണ്
അത്രയും സ്വസ്ഥത മറ്റൊരിരിപ്പിലും
അവർക്കു കിട്ടില്ല
രണ്ടു മരവള്ളികൾ എന്ന് തോന്നിച്ചാലും
അവരുടെ തുടക്കം കാണാനൊക്കില്ല
അടുത്തടുത്തുള്ള രണ്ട്‌ബോഗിയിൽ
മാറി മാറി താമസിക്കുന്നുണ്ടവർ.


Related Articles