വീട്ടിലേക്കുള്ള ദൂരം 

Poem

വീട്ടിലേക്കുള്ള ദൂരം 


വീട്ടിലേക്കുള്ള ദൂരം കുറയുംതോറും
നെഞ്ചിടിപ്പ് കൂടും.

മേലേപ്പറക്കുന്ന പക്ഷിയുടെ
ചിറകുവെട്ടി വീഴ്ത്തിയതാരെന്ന്
നടപ്പാത ചോദിക്കും.
ഉത്തരം പറയുവാനാകാതെ 
കണ്ണിലിരുട്ട് പടരും.

പിന്നാമ്പുറത്തെ കൈതക്കൂട്ടിൽനിന്നും 
കറുപ്പും വെള്ളയുമുടുപ്പിട്ട്
കുളക്കോഴി നാടുകാണാനിറങ്ങുമ്പോൾ
ശ്വാസംമുട്ടും.

വീടുതോറും കയറിയിറങ്ങി
പെൺമയിലുകൾ
അരിമണികൊത്തി
വീട്ടമ്മയോട് കുശലം പറയുമ്പോൾ
അവയുടെ കാലുകളോട് 
ആരാധന തോന്നും.


Related Articles