വസന്തം

Poem

വസന്തം


നിന്നെയോർക്കുമ്പോൾ
ഉള്ളിലൊരു കടൽ
പാഞ്ഞടുക്കാറുണ്ട്..
ഓരോ തുള്ളിയിലും
എറിയും കുറഞ്ഞും പോകാതെ,
നീ ചേർന്നുരഞ്ഞ തിരകൾ
കിനാവോളം വന്നു പൊതിയാറുണ്ട്..

ഉള്ളിലുറഞ്ഞ വസന്തത്തിലേക്ക്
ജീവന്റെ ചൂടുള്ളൊരു കാറ്റ് വീശിയടിക്കാറുണ്ട്..
ഊറിവെളുത്തൊരു
നിശബ്ദതയിലേക്ക്
ആർത്തുവിളിച്ചൊരു കലപില
മുങ്ങാങ്കുഴിയിടാറുണ്ട്..
ചിറകുമറന്നൊരു കിളി
സ്വയം ആകാശമാകാറുണ്ട്..
പച്ച വറ്റിത്തീർന്നൊരു കാട്
പൊടുന്നനെ പൂത്തുലയാറുണ്ട്..

നിന്നെയോർക്കുമ്പോൾ
എന്നോളം തന്നെ ഉണങ്ങിയ
ഒരൊറ്റക്കൊമ്പിൻ്റെ ആത്മാവിലേക്ക്
വേരുകൾ ഊർന്നിറങ്ങാറുണ്ട്..
ആകെ നനച്ചൊരു നിലാമഴ,
തോരാതെ പെയ്യാറുണ്ട്..

നിന്നെയോർക്കുമ്പോൾ
ഇടയ്ക്കൊക്കെ
ഞാൻ
എന്നേയും
ഓർക്കാറുണ്ട്.. !!


Related Articles