വലിയതുറയിലെ മീൻകാരി

Poem

വലിയതുറയിലെ മീൻകാരി


കാറെടുത്ത് പാഞ്ഞൂ
തൊട്ട വീട്ടിലെ മാഡം
രാത്രി പെയ്ത മഴയിൽ
റോഡാകെ വെള്ളം ചെളി
മീൻ വിൽക്കുന്നു മേബിൾ
സ്പീഡൊട്ടും കുറച്ചില്ല
തെറിച്ചൂ ചെളിവെള്ളം
തലയാകെ, ഉടൽ മേലെ
കറുത്ത വെള്ളം, ചെമ്മണ്ണ്
ദേഹം വിറച്ച് മീൻകാരി.
കഷ്ടമീമഴയത്ത്
കിട്ടിയ മീനും വിറ്റ്
ഒട്ടിയ വയറിന്നന്നം
തേടുന്നതൊട്ടും പിടിച്ചില്ലയെന്നോ
നിനക്ക് നഗരഗർവ്വേ?
നിന്റെ പൊങ്ങച്ചപണ്ടം
തൂക്കിവിറ്റാലുമൊരു
പണതൂക്കം കുറയുമീ
ജീവിതത്തിൻ മുന്നി-
ലതിൻ വില പൊൻപണം,
നിനക്കറിയില്ലതിൻ പൊരുൾ

വലിയതുറയിലെ
കനകമത്സ്യകന്യകേ
നിന്നെയോ കൊത്തിയ-
തന്ന് കാനായി
ശംഖുമുഖത്ത് ചെന്ന്
കണ്ടുവോ മാഡം
പൊന്നുരുക്കും
വെയിലിലാ പ്രഭ
നിനക്കില്ല, നിന്റെ
പണ്ടത്തിനുമി-
ല്ലത്രയും തെളിച്ചം
വിരുന്നുകാരെത്തും
വിളിക്കും മീൻകാരിയെ
വീട്ടിലെത്തും
വെട്ടിത്തരും, കഴുകി
വൃത്തിയാക്കും,
കാശിനോ വാശിയില്ല,
മുണ്ടിൽ തിരുകും
കൊടുത്ത നോട്ട്
മടങ്ങും, നാളെയുമെത്തും
അവധിയില്ലാത്ത
സർവീസ്, ഇല്ല
പെൻഷനും ഇൻക്രിമെന്റും
പനി പിടിച്ചെങ്ങാൻ
കിടന്നാൽ,
വീട്ടിൽ പട്ടിണി


Related Articles