ഉത്പ്രേക്ഷ

Poem

ഉത്പ്രേക്ഷ


പുസ്തകം ഒരു വെട്ടുകത്തിയാണ്
വെട്ടിയാൽ മുറിയുക ആത്മാവിനാവും
ശരീരം മുറിഞ്ഞാൽ
മരുന്ന് പുരട്ടാം, തുന്നിച്ചേർക്കാം
ആത്മാവിനോ
ആത്മാവ് നഷ്ടമായാൽ
എല്ലാം നഷ്ടമായെന്ന് ബൈബിൾ.
വിശക്കുന്നവൻ പുസ്തകം കൈയ്യിലെടുക്കുമ്പോൾ
അതൊരായുധമാകുമെന്ന് ബ്രഹ്ത് .
എങ്കിൽ ഇനി വിശക്കുമ്പോൾ
വെട്ടുകത്തിയല്ല
പുസ്തകമെടുക്കുക.
പക്ഷേ ഏത് പുസ്തകം ?
നോവലാണെങ്കിൽ വിശപ്പ് കൂട്ടും
കവിതയായാൽ ദാഹവും
കഥാസമാഹാരങ്ങൾ ആരും എടുക്കാറില്ല
നിരൂപണങ്ങൾ കാണാനുമില്ല
പ്രത്യയശാസ്ത്രങ്ങളുടെ നീണ്ട നിരയുണ്ട്
എല്ലാറ്റിനേയും ഭൂതം* വിഴുങ്ങിയ മട്ടാണ്.
കുടിക്കാൻ ശുദ്ധജലം പോലുമില്ലാതിരിക്കെ
വിശപ്പൊരു മാനസികാവസ്ഥ മാത്രം.

വിശന്ന് കരഞ്ഞ കുഞ്ഞിൻ്റെ മുന്നിൽ
വെറും കലത്തിൽ
വെള്ളം തിളപ്പിച്ച അമ്മ
സഹനത്തിൻ്റെ ആയുധ പാഠമാണോതിയത്.
സഹനത്തിൻ്റെ പാത വിട്ടാൽ
അമ്മ വെട്ടുകത്തി തന്നെയാവും എടുക്കുക
അവിടെ പുസ്തകം കൊണ്ട് തടുക്കാനായരുത്.

പുസ്തകം വെട്ടുകത്തിയോ
വെട്ടുകത്തി പുസ്തകമോ
ഉത്പ്രേക്ഷ രക്ഷിക്കുമായിരിക്കും.


Related Articles