ഉറങ്ങുമ്പോൾ
ഞാനൊരു
സ്വതന്ത്ര രാജ്യമാവുന്നു.
തിരിഞ്ഞും, മറിഞ്ഞും
അതിരുകളില്ലാതാവുന്ന രാജ്യത്തിന്
ഭൂപടം നഷ്ടമാവുന്നു.
വെട്ടിപ്പിടിച്ചതൊക്കെ
നഷ്ടപ്പെടുമ്പോഴാണ്
യഥാർത്ഥ സ്വാതന്ത്ര്യം
അനുഭവപ്പെടുന്നതെന്ന്
കൂർക്കം വലി പ്രഖ്യാപിക്കുന്നു.
സ്വപ്നത്തിൽ
മറ്റൊരു രാജ്യത്തിന്റെ
പതാകയേന്തിയ
ഒരു കുഞ്ഞു കൈ
എന്റെ രാജ്യത്തേക്ക്
കുടിയേറുന്നു.
ഞെട്ടിയുണർന്ന്
ഞാനെന്റെ രാജ്യത്തിന്
അതിർത്തി വരയ്ക്കുന്നു.
