എന്റെ കവിതയുടെ മുനമ്പിൽ ഞാനൊരു ലോകം കാണുന്നുണ്ട്!
ആഴത്തിൽ മുറിവേറ്റവരുടെ ലോകം...
തെരുവിന്റെ ഓരത്ത് പിഞ്ചുടൽ കടിച്ചു കുടയാൻ വെമ്പുന്ന ചെന്നായ്ക്കളുടെ
ഓരിയിടൽ എന്റെ കാതുകളെ തുളച്ചു കയറുന്നു...
ജാതിയുടെ വിസർജ്യം പേറാൻ വിധിക്കപ്പെട്ട ജന്മങ്ങൾ എന്റെ സ്വപ്നങ്ങളിൽ
അലമുറയിടുന്നു...
അസ്തിത്വം നഷ്ടമായ പെണ്ണുടലിന്റെ തേങ്ങൽ ചീളുകൾ ഹൃദയത്തെ വരിഞ്ഞു
മുറുക്കുന്നു...
മതഭ്രാന്തിന്റെ ആക്രോശങ്ങൾ തലച്ചോറിൽ സ്ഫോടനം സൃഷ്ടിക്കുന്നു...
വിശപ്പിന്റെ വിളിയിൽ ഉയിരറ്റുപോയ ആത്മാക്കൾ കൂട്ടമായെത്തി ആർത്തു
കരയുന്നു...
ആഴ്ന്നിറങ്ങുന്ന കൂരമ്പ്പോലെ
അതെന്റെ നിദ്രയെ പാതിവഴിയിൽ
ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നു...
എന്നിട്ടും ഞാനൊരു മൗനത്തിന്റെ വാല്മീകമണിഞ്ഞു, പുഞ്ചിരിച്ചു...
അസ്വസ്‌ഥതയുടെ പുളിപ്പ് പടർന്ന
കണ്ണുകളടച്ചു കൊണ്ട് പതിയെ പറഞ്ഞു...
"എനിക്കൊന്നുറങ്ങണം സ്വസ്ഥമായി!!!"
