ഉടൽവിങ്ങൽ

Poem

ഉടൽവിങ്ങൽ


ആറ്റുവഞ്ചിക്കാടിന്റെ അടിവേരുകളിലേക്ക്
ഉഷ്ണിച്ചുറയുമ്പോഴും
കടലുപ്പിന്റെ അമ്ലപ്പിടച്ചിലുകളിൽ
സ്വയമടർന്നു വീഴാൻ കൊതിക്കുന്നുണ്ട്
ഒഴുക്ക്....ഒഴുക്കെന്നുറക്കെ ദാഹിക്കുന്ന
ജീവന്റെയശാന്തത.
തിരയിളക്കങ്ങളുടെ ഭൂതകാലങ്ങളെ
അയവിറക്കുമ്പോളൊക്കെയും
ജലഞരമ്പുകൾ നീരുവറ്റിച്ചുളിഞ്ഞ
പരിണാമത്തഴമ്പുകളിലേക്ക്
ചാവുബലിയർപ്പിക്കുന്നു.
അപ്പോൾ ആകാശമതിന്റെ മേഘശകലങ്ങളിൽ
കോടിയാവർത്തി ആർത്തിരമ്പിയ
കർക്കിടകക്കിനാവുകളെ വരച്ചു ചേർക്കുന്നു.
ചോർന്നുപോയ ആറ്റുമണൽ മുറിവുകളിൽ
പൊറ്റ പിടിച്ചു കിടക്കുന്ന ഓർമ്മത്തിരകൾ
"എന്റെ മഴയേ"എന്നതിനെ ഉമ്മവെയ്ക്കുന്നു.
അഴലുകളെല്ലാം പൊയ്പ്പോക്കും
നനവിന്റെയുറവുകൾ,
വേനലിൻ പൊള്ളൽപ്പാടുകളുണക്കും പച്ചക്കാട്,
ചുഴിയിൽ ,തിരകളിൽ,
ജീവൻ തിരയും മിന്നൽപ്പിണർ,

കാറ്റിന്റെ ചലനവേഗങ്ങളിൽ
ഒരു മഴയിരമ്പൽ പോലുമില്ലെങ്കിലും
പ്രതീക്ഷയുടെ എത്രയെത്ര പുൽനാമ്പുകളാണ്
പുഴയുടെ ഉടൽവിങ്ങലിൽ നിന്ന്
ഇപ്പോൾ മുളപൊട്ടുന്നത്.


Related Articles