ഉടലിൽ പച്ചപ്പു നിറച്ച മുറികളുള്ളവരുടെ ലോകം

Poem

ഉടലിൽ പച്ചപ്പു നിറച്ച മുറികളുള്ളവരുടെ ലോകം


കാറ്റു തട്ടി തുറന്നോരു ജാലക പടികളിൽ
കൈകളൂന്നി ചിരിച്ചു രണ്ടുപേർ
അങ്ങു ദൂരെ ആകാശക്കോണിൽ
ഉദിച്ചുയരും സൂര്യനെ കണ്ടവർ
കൊച്ചുമോൾ തൻ കൈ പിടിച്ചോടി
ആയിരം കഥ പറഞ്ഞുറങ്ങിയ
മഹാനദിക്കരയിലേക്ക്...
പൂഴി മണലിൽ ഭൂമി അറിയാതെ
പുതഞ്ഞു പോയൊരാ പുഴയിൽ
മുങ്ങാങ്കുഴിയിട്ട് നീന്തിതുടിച്ചൊരോർമ്മകൾ
ആഴത്തിലേക്ക് ഊളിയിട്ട്
പറന്നൊരാ മീൻകൊത്തികൾ
പോലെ ഓർമ്മകൾ
വേലിപ്പടർപ്പിൽ കൊളുത്തി വലിക്കുന്നു.
മഴയ്ക്കും വെയിലിനുമിടയിൽ
വിരിയുന്നൊരാ മഴവില്ലു കാണാൻ
കുന്നു കേറി പോയ കഥകൾ
മഴയ്ക്ക് മുന്നേ പറന്നെത്തും
മഴത്തുമ്പിയെ പോലെ
ഇരുളിൽ തിളങ്ങും മിന്നാമിനുങ്ങുപോലെ
മുത്തശ്ശിക്കുള്ളിലുണ്ടെന്നും
പ്രകൃതിയുടെ ആയിരം കഥകൾ.
ഈ മഹായന്ത്രഭൂവിൽ
കിളിർക്കും ചെടിപ്പൊടിപ്പുപോലെ
ദൂരെയേതോ നാഗരീകതയ്ക്കുള്ളിൽ
കരഞ്ഞു തീരുന്നു വയൽപ്പരപ്പുകൾ.
വയൽക്കിളികൾ ചേക്കേറാൻ
വരാതായ മരച്ചില്ലകൾ
ഇലവിരിച്ച് ഭൂമിയെ തൊട്ടു തലോടുന്നു.
വികസനപ്പേരിൽ രക്തസാക്ഷികളായ
പുഴയും, മലയും, വയലും, കാടും കണ്ടവർ തിരിച്ചു നടന്നു
ഉടലിൽ പച്ചപ്പ് നിറച്ച മുറിക്കുള്ളിലേക്ക്.


Related Articles