കാറ്റത്തെ സഞ്ചാരികൾ

Poem

കാറ്റത്തെ സഞ്ചാരികൾ



കാറ്റുകൾ വന്ന്
വിളിക്കുമ്പോഴാണ്
നാമൊക്കെ പുറപ്പെട്ടുപോവുക.
ദിക്കുകളുടെ ഉറവുകളിൽനിന്ന്
കൃത്യമായി ഉന്നംവച്ചുവന്ന്
അവ നെഞ്ചിലേക്കു വീശുന്നു

ഹൃദയസിരകൾ
താളമേറ്റെടുക്കുന്നു
പിന്നെ
പുറപ്പെടാതെ വയ്യ

പിന്നെയൊരു ആവേഗത്തിൻ
പുറപ്പെടൽ.
നാടുകൾ ഒഴുക്കുകൾ
കൂടെച്ചേരുന്നു
നാടോടിനെഞ്ച്
കാറ്റിലേക്കു നൂഴുന്നു:
''കാറ്റേ നീയെന്റെ
വിസ്തൃതിയെ വിതിർക്കുക
ഒരു വൃത്തത്തിലൊതുങ്ങുന്നില്ല
ഞാൻ...''

ചില കാറ്റുകൾ
കിഴക്കുനിന്നല്ല വടക്കുനിന്നല്ല
ഉയരങ്ങളെ ചൂഴ്ന്നുവന്ന്
അവ ദിക്കുകളെ
എടുത്തുയർത്തുന്നു
ധ്രുവത്തോളം പോയിടുന്നു,
വീണ്ടും വകഞ്ഞുപോകുന്നു.
വഴിയിലുൾച്ചേർന്നാൽ
പിന്നെയില്ല
ഭൂമധ്യത്തിലേയ്ക്കാകർഷണം.


Related Articles