കല്ലറകളിൽ
കാഹളംകാത്ത് കിടക്കുന്നവരെപ്പോലെ
ചില്ലലമാരകളിൽ
അക്ഷരങ്ങൾ
ഗവേഷകരെ കാത്തിരിക്കുന്നു.
ഭൂഗർഭ അറകളിൽ
ഭദ്രമായി ഉറക്കിക്കെടുത്തിയ
വാക്കുകളിൽ
ഗവേഷകയുടെ
സൂക്ഷ്മ നോട്ടങ്ങളുടെ
നീലരശ്മികൾ തൊടുമ്പോൾ
ലാസറേ പുറത്തുവരിക
എന്ന ശബ്ദത്താൽ
കൂട്ടിക്കെട്ടിയ കാൽവിരലുകൾ
കൈവിരലുകൾ
താടിയെല്ലുകൾ
കൊട്ടിയടഞ്ഞ കാതുകൾ
തിരുമ്മിയടച്ച കണ്ണുകൾ
ഒന്നൊന്നായ് അഴിഞ്ഞ്
ലാസർ
പുറത്തുവന്നതുപോലെ
പൊടിഞ്ഞുപോയ എടുകളിൽ
ഏഴകളാക്കപ്പെട്ടവർ ഉണർന്നു.
ചോറ്റുകിണ്ണത്തിനു
മുന്നിൽനിന്നു
കാണാതായവരുടെ,
ആറ്റിൽ ഒഴുക്കപ്പെട്ടവരുടെ,
സ്വതേ
അശുദ്ധയാക്കപ്പെട്ടവളുടെ,
പടയോട്ടങ്ങളിൽ അരഞ്ഞു
പോയ ശിശുക്കളുടെ,
നാവറുക്കപ്പെട്ടവരുടെ
കണ്ണ് ചൂഴപ്പെട്ടവരുടെ
കഴുവേറിയവരുടെ
നായ്ക്കും നരിക്കുമല്ലാതെ
പോയവരുടെ...
ശുദ്ധാശുദ്ധങ്ങളിൽ
തേഞ്ഞു പോയവർ
ഇരിപ്പിടങ്ങളിൽ നിന്ന്
ഉടുതുണിയോടെ
ആട്ടിയിറക്കപ്പെട്ടവർ
ഒന്നിനു പിറകെ ഒന്നായി
അവളുടെ വിരലുകളിലേക്ക്
നിലവിളിച്ചെത്തുന്നു.
