കടു(വ)ദേശീയം

Poem

കടു(വ)ദേശീയം


മുള്ളൻപന്നി മുള്ളൊരെണ്ണം
മുനയൊടിഞ്ഞ് തറഞ്ഞിരുന്ന്
വലതുകണ്ണിൻ കാഴ്ച കെട്ട
കടുവ കാട്ടിലിരതിരഞ്ഞു
ഇടത് കണ്ടതൊക്കെയിരകൾ
വലത് കൂടെ മേഞ്ഞതൊന്നും
വരയനൊട്ടുമറിഞ്ഞതില്ല
മുകളിലെല്ലാം കാണ്മൊരുത്തൻ
മുതുകുരങ്ങൻ കാട്ടിലെങ്ങും
കഥ പരത്തീ കുരുടവാർത്ത
കടുവ പിന്നെ വരുമ്പൊഴൊക്കെ
വലതു മാത്രം മേഞ്ഞുനിന്നു
മുയല് മ്ലാവ് കാട്ടുപോത്തും

വയറുകാഞ്ഞു വലഞ്ഞു കടുവ
വനം താണ്ടി നാട്ടിലെത്തി
ആടുമാടുകൾ പന്നികൾക്കും
അരക്കണ്ണൻ കാലനായി
കെണിയിൽ വീഴ്ത്തി സൂചി കേറ്റി
കേണുമാണ്ടുമയങ്ങി വ്യാഘ്രം
നിപുണശോധനയിൽ തെളിഞ്ഞു
വലതുപക്കം കുരുട് കടുവ
തിരികെ കാട്ടിൽ വിടണമെന്നാൽ
എയ്യനെയ്തതെടുത്തു കണ്ണിൻ
ഏനമെങ്ങനെ മാറ്റുമെന്നായ്
മൃഗഭിഷഗ്വരരെന്തുചെയ്തും
മുള്ളെടുപ്പതസാദ്ധ്യമായി
മുള്ളെടുപ്പത് മുള്ളുകൊണ്ട്
മുള്ളനെത്താൻ വിളിക്കവേണം
നാലുദിക്കിലുമാളയച്ചു
കാടുകേറീ ഭടജനങ്ങൾ
കണ്ട മുള്ളൻപന്നിയൊക്കെ
കൈയൊഴിഞ്ഞു പറഞ്ഞുപോലും
എയ്ത മുള്ളൻ തന്നെ വേണം
ചെയ്തതതവനേ തിരിച്ചെടുക്കും
വെറുതെ നേരം പോക്കിടാതെ
പരതിയാലവനെക്കിടയ്ക്കും
കടുവ ദേശീ(യ)മൃഗമതാകിൽ
കഠിനമൊന്നും ചെയ്തുകൂടാ

"Kadu(va)deseeyam" is a Malayalm poem written by Shivakumar Ambalappuzha.


Related Articles