മരണവീട്ടിലേക്കുള്ള വഴിയിൽ
പലനിറമുള്ള കല്ലുകൾ
പാകിയിരുന്നു.
കാൽപതിഞ്ഞപ്പോൾ
മിനുസമുള്ള തണുപ്പ്
വന്നുതൊട്ടു.
വഴിക്കിരുവശങ്ങളിലും
വെളുത്ത ബൊഗയിൻവില്ല
പൂത്തുലഞ്ഞുകിടന്നു.
മുല്ലവള്ളികളിൽനിന്നും
വെയിൽച്ചൂടിലും
നിലാവുതിർന്നു.
കിണറ്റിലും
അലക്കിവിരിച്ച
കുഞ്ഞുടുപ്പുകളിലും
രാത്രി പെയ്ത മഴയുടെ
അടയാളങ്ങൾ.
മുറ്റത്തു ചിതറിയ
പത്രത്താളുകളിൽ
പടർന്നൊഴുകി
കരിനീലവരികൾ.
രണ്ടു മുറികളിലായിക്കിടന്ന
നാലു ശരീരങ്ങളെയും
വഹിച്ചുകൊണ്ട്
ആംബുലൻസുകൾ
മടങ്ങിയതിനു ശേഷവും
മുറ്റത്തും വഴിയിലും
കൂടിനിന്നവർ,
ഒറ്റയ്ക്കും കൂട്ടമായും
പതിയെ
പിരിഞ്ഞുപോയി.
