മൂക്കിലെ രോമങ്ങളൊട്ടുമുക്കാലും
മുറിച്ചും പറിച്ചും മിനുസം വരുത്തി
മുടക്കംവരുത്താ, തിടയ്ക്കിടെയെന്നും
മൂക്കിപ്പൊടി ആഞ്ഞു വലിക്കുന്നു ഞാൻ,
തോൾസഞ്ചി തൽക്കാലം കക്ഷത്തിലാക്കി
തെല്ലൊന്നു കുനിഞ്ഞിടം കൈവെള്ളയിൽ
പൊടിക്കുപ്പി കുടഞ്ഞിട്ടൊരു നുള്ളെടുത്ത്,
ഇടത്തും വലത്തും വലിച്ചങ്ങുകേറ്റി
കൈലേസൊന്നു കോണിച്ചു മടക്കീട്ടു
മൂക്കിൻ തുമ്പത്ത് മൂന്നാലുരസി നടുനിവർത്തി,
മുരടൊന്നനക്കി, നാലുപാടൊന്നു നന്നായ് നിരീക്ഷിച്ചു,
ശേഷ,മൂക്കോടെയൊന്നാഞ്ഞു തുമ്മുന്നു
'ച്ഛീ...' പോടാ,തുമ്മിയാൽ തെറിക്കുന്ന
മൂക്ക,ല്ലെനിക്കെന്ന ഗർവ്വോടെ ഞാൻ!
