അയാളുടെ ഭൗതികാവശിഷ്ടം
എടുത്തുമാറ്റിയതില്പിന്നെ
അയാളുണ്ടാവാമവിടെയെന്ന്
കൊതിച്ച്, മുറിയിൽ
അവൾ.
അവശേഷിക്കുന്ന
അവൾക്ക് മാത്രമായുള്ള ഗന്ധം.
കസേരക്കൈയിലെ തോർത്തിൽ
ഒപ്പിയ വിയര്പ്പുമണികളുടെ
വറ്റിത്തീർന്ന ഈർപ്പം.
കട്ടിലിൽ നിന്നുമെടുത്തുമാറ്റിയ
വിരിപ്പുകളുടെ ശൂന്യത.
ചുറ്റിത്തിരിഞ്ഞ കാറ്റിന്റെ
നിശ്വാസം പോലുള്ള സ്പർശം.
പൊതിഞ്ഞുപിടിക്കുന്ന ചൂട്.
ഞരക്കം പോലെ നിശ്ശബ്ദത.
ടിപ്പോയി മേൽ
അവസാനമായി കുടിച്ചു വെച്ച
ചില്ലുഗ്ലാസ്
എടുത്തുമാറ്റിയപ്പോൾ
ഗ്ലാസിരുന്ന അടയാളം പോലെ
അവൾക്കത് തുടച്ചുമാറ്റാനാവുമോ?
