മൂന്നുതരം വീടുകളുണ്ട്

Poem

മൂന്നുതരം വീടുകളുണ്ട്


രാൾ സഞ്ചരിക്കുമ്പോൾ
വീടിനെ കൂടെക്കൊണ്ടുപോകാറുണ്ട്

ഇരിക്കുന്നിടത്തും
ഇടപെടുന്നിടത്തും
വീടിനെ കൂടെവയ്ക്കും
അയാൾക്കെത്ര
വാതിലുകളും
ജനലുകളുമുണ്ടെന്നു
വീട് നമുക്ക് കാണിച്ചു തരും
എത്ര സ്‌ക്വയർ ഫീറ്റ്
വിസ്തൃതിയിൽ
ചിരിക്കാൻ പറ്റുമെന്ന്
അയാൾ നമ്മൾക്കും കാണിച്ചുതരും
വീടിന് അയാളെപ്പോലെ തന്നെ
ആകാരസൗഷ്ഠവവും
അധികാരസ്വരവും ഉണ്ടായിരിക്കും
അയാൾ ഇരിക്കുന്നിടത്തും
ഇടപെടുന്നിടത്തും
വീട് അയാളെപ്പോലെ തന്നെ
ഞെളിഞ്ഞിരിക്കും!
വീടാണോ അയാളാണോ
അയാളെ അധികാരിയാക്കിയത്?!

ഒരാൾ ഇറങ്ങി നടക്കുമ്പോഴൊക്കെ
ഒരു വീട് അയാളെ ചുറ്റിപ്പിടിച്ചു
പിന്തുടരുന്നുണ്ടാകും
വീടിനെ എവിടെയാണ്
ഒളിപ്പിക്കേണ്ടതെന്നറിയാതെ
അയാൾ കുണ്ഠിതപ്പെട്ടുകൊണ്ടേയിരിക്കും
അയാളെത്ര തെളിഞ്ഞവനായാലും
മാന്യന്മാർക്കിടയിൽ ആ 'കറുത്തവീട്'
അയാളെ നഗ്‌നനാക്കി നിർത്തും
അരഞ്ഞാണച്ചരടുപോലുമില്ലാത്ത
കോളനിവീടുകൾ നിരന്നുനിൽക്കുന്ന ഒരിടത്തേയ്ക്കയാൾ ഓടിപ്പോയി നിൽക്കും
തന്നെക്കാൾ മുന്നേ
വീടിനെ മറയ്ക്കാൻ പാടുപെടുന്ന
ഒരു പറ്റത്തോടൊപ്പം ചരിത്രത്തോളം വിസ്മൃതനാകും
അയാളുടെ വീടിന്റെ അധികാരി സത്യത്തിൽ
അയളാകാത്തതെന്താണ്?!


Related Articles