തുമ്പകൾ പൂത്തു തുടങ്ങും മാന-
ത്തമ്പിളി പുഞ്ചിരി തൂകുമ്പോൾ
മുറ്റമടിച്ചു തളിക്കാനെത്തും
കാറ്റിൻ കയ്യുകൾ തളരുമ്പോൾ
മിന്നൽപ്പെൺകൊടി തിരി നീട്ടുന്നൂ
നേർത്ത നിലാവിനു ശൃംഗാരം
കർക്കിടകത്തിൻ മഷി ചാലിച്ചീ
മുറ്റം മെഴുകിയതാരാവാം?
കണ്ടേൻ സംക്രമരാഗമുതിർക്കും
ചിങ്ങപ്പുലരി പിറക്കുന്നൂ.
താരകൾ പൂക്കളമെഴുതുമ്പോൾ
കുയിൽ പഞ്ചമരാഗം മൂളുന്നൂ
ആസുരഭരണ, മതിർത്തി കടത്തിയ
ദേവൻമാർക്കെന്തുത്സാഹം
മാബലി മന്നനെയെതിരേൽക്കാനെൻ
മലയാളത്തിനുമാവേശം
ആർപ്പും കുരവയുമായിട്ടണയാൻ
വാമനവേഷമൊരുങ്ങുകയായ്
ഓലക്കുടയും വടിയും മെതിയടി
നാദവുമുണരും നാളുകളിൽ
സമത പുലർന്നൊരു നാടിൻ നന്മകൾ
കനവായുണരും തിരുവോണം
മണ്ണു മറക്കും മലയാളിക്കിടി-
മിന്നലു പൂക്കും തിരുവോണം
ഓണമടിച്ചു പൊളിച്ച വളപ്പിൽ
കുപ്പികൾ കൊണ്ടൊരു തിരുവോണം
