ഇന്നലകളിൽ നമുക്കിടയിൽ
മതിലുകളില്ലായിരുന്നെങ്കിലും
അതിരുകളുണ്ടായിരുന്നു,
അതിരുകൾ ഭേദിച്ചാൽ
ഭ്രഷ്ട് ഉറപ്പായിരുന്നു.
അതിരുകളെല്ലാമിപ്പോൾ മതിലുകളാണ്.
അപ്പുറത്തെ നിന്നെയും ഇപ്പുറത്തെ എന്നെയും
കാണാനാവാത്ത വിധം
മതിലുകൾ ഉയർന്നപ്പോൾ
ജാതി,
അത് വിറ്റു തിന്നുന്നവരുടെ നാവുകളിലും,
സർക്കാർ രേഖകളിലെ
ജാതി കോളങ്ങളിലും ഒതുങ്ങി.
പേരെടുക്കാനും, പുട്ടടിക്കാനും
വഴികൾ അടഞ്ഞു പോയവർ
'ജാതി, ജാതി'യെന്ന്
വീണ്ടും അലമുറയിടുന്നുണ്ട്.
ഇല്ലാതെയാകുന്ന ഒന്നിനെ
ഉണ്ടാക്കിയെടുക്കുന്നു വീണ്ടും ചിലർ.
'മുമ്പേ പോയവർ
വെന്തു നൊന്തതൊക്കെയും
വീണ്ടരച്ചരച്ച് എന്തിന്?
ചേർന്നു നിൽക്കുന്നവരിലൊക്കെയും
വിടവുകൾ ഉണ്ടാക്കുന്നു!'
മറഞ്ഞ അതിരുകൾ വീണ്ടും
ഉണ്ടായി കാണണോ!?
പക ഒളിപ്പിച്ചും, ഊതിയും
തമ്മിൽ തല്ലിച്ച്
വീണ്ടും ആ ഇരുണ്ട കാലത്തേക്ക്
തിരിച്ചു നടക്കുകയാണോ നാം!
