തെരു

Poem

തെരു


നൂറ് രൂപാ നോട്ടിന്
ബദലായി അൻപത്
തിരികെത്തന്ന
ഓട്ടോക്കാക്കിയുടെ 
ഇരുപതിന് കൂടി 
കലഹിച്ചുതിരിയവേയാണ്
തെരുവിൽ രണ്ട് മനുഷ്യർ
പ്രണയിക്കുന്നത്
കണ്ണിൽപ്പെയ്തത്.

അണുനേരം മുൻപുകണ്ട
ഇൻസ്റ്ററീലുമായി യാതൊരു
സാമ്യവും പേറിയില്ല.
ട്രെന്റുകളൊന്നുമവ-
രറിഞ്ഞതേയില്ല.
മനംമയങ്ങും പാട്ടിന്റെ 
താളം കേട്ടില്ല. 
മോടികൂട്ടുന്ന ഫ്രയിമിലെ 
ഫിൽട്ടറില്ല. 
പകിട്ടുള്ള പട്ടിൽപ്പൊതിഞ്ഞിട്ടില്ല.
എന്തിന്.. ഒരു ചെറുചുംബനം
പോലുമില്ല രസം പിടിപ്പിക്കാൻ.

നിശബ്ദമായി, ഇളംകാറ്റിലെ
രണ്ടിലകൾ പോലവർ
തെരുവിനെ പുണർന്നിരിക്കുന്നു.

കവിളിൽ കണ്ണീർ പോലൊരു
കുഞ്ഞിളംതുണ്ട്.
കണ്ണിൽ തോർന്നുതീർന്ന
പേമാരിയുടെ ഉപ്പ്.
ചുണ്ടിൽ കാലത്തെ 
അതിജീവിച്ച നറുതേൻ.
തലമുടിയിൽ
തെരുവിന്റെ ചരിത്രം
എണ്ണപൂശിയ
തിളക്കം- അത്രമാത്രം.


Related Articles