ഒറ്റയ്ക്കായപ്പോൾ
സുഭാഷ് പാർക്കിൽ
പോകാൻ തോന്നി.
മരങ്ങളുടെ രഹസ്യ
സംഭാഷണങ്ങൾ
പ്രണയഭാഷ്യത്തിലേക്ക്
തർജ്ജമ ചെയ്ത്,
ഇണചേരുന്ന
ചുണ്ടുകളുടെ ഒച്ചകളിൽ
സന്ധ്യയെ ലയിപ്പിച്ച്,
കാമുകന്മാരുടെ
കുറുകുന്ന ശബ്ദത്തിൽ
കാറ്റ് വന്നുംപോയുമിരിക്കുന്ന
സമയമാണ്
മരത്തിന് നടക്കാൻ
കഴിയാഞ്ഞിട്ടാണോ?
അല്ലെങ്കിൽ അതെന്നെ
വീട്ടിലേക്ക്
ക്ഷണിക്കുമായിരുന്നോ?
മരത്തിന്റെ
മുടിയിഴകൾ തഴുകി
പരുക്കനാലിംഗനങ്ങളിൽ
മുഴുകി
മതിവരുവോളം
കഥകൾ പറഞ്ഞ്...
നാളെയും കാണാമെന്നു
പറഞ്ഞ് പിരിയാൻ
എന്ത് രസമായിരിക്കും
