തെളിഞ്ഞതും
വിശുദ്ധവുമായ ഒരു വെളിച്ചം
ജീവിതം കാണാൻ
കഴിയുന്ന വിധം
എന്നെ നയിക്കുന്നു
അസാധ്യങ്ങളുടെ
സാധ്യതകളെ
ഭൂമിയിൽ
വരഞ്ഞിട്ടവരുടെ
മൺക്കൂനകളിൽനിന്നും
ഞരമ്പുകളിലേയ്ക്ക്
ഒരു വിദ്യുത്
പ്രവാഹമുണ്ടാവുന്നു.
എന്റെയാകാശത്തിന്
ശിലാലിഖിതങ്ങൾ വേണ്ടാ.
ആരുടെയും സമ്മതം
ചോദിക്കാതെ തന്നെ
കവിതയുടെ
തുരുമ്പുകമ്പി വളച്ച്
അത് പുറത്ത് കടക്കും
മേഘങ്ങളെ പിഴിഞ്ഞ്
നീലകളെ ഊറ്റിയെടുക്കും
പൂർത്തികരിക്കപ്പെടാതെ
പോയ വാക്കുകളുടെ
കൊമ്പൊടിച്ച് കുത്തും.
മരിച്ചവരുടെ മൺകൂനയിലത്
മുളച്ച് നിൽക്കും
എന്റെ വിത്തും വിതയും
ചരിത്രത്തോട് വർത്തമാനം
പറഞ്ഞു കൊണ്ടേയിരിക്കും
പോരാട്ടങ്ങളുടെ
പുന:സംപ്രേക്ഷണത്തിൽ
രാഷ്ട്രീയമെന്നു
മാത്രമുപമിക്കാവുന്ന
പെണ്ണുങ്ങളായിരിക്കുന്നു
ഞങ്ങൾ
ഭൂതകാലം മഴയായ്തന്നെ
ഞങ്ങൾക്കു മേൽ
ചൊരിയുകയാണ്...
ഒരു വാക്കും പാഴല്ല
തവിട് തെള്ളുമ്പോലെ
അത് സ്വാതന്ത്ര്യത്തിന്റെ
മഴവില്ലുകളെ കൊഴിച്ചെടുക്കുന്നു
മീൻ കോരുമ്പോലെ
പിടച്ച് തുള്ളുന്നു
ഒറ്റക്കണ്ണനമ്മാവൻ
നെല്ലുഴിഞ്ഞ് വയ്ക്കുമ്പോലെ
നെഞ്ചിലൊരു നറുക്കില വയ്ക്കുന്നു.
എന്റെയുള്ളിലെ അനാദിയായ നിലവിളികളെ
ഒരു പുല്ലാങ്കുഴലിൽ
പാത്ത് വെയ്ക്കുന്നു.
എന്റെ ഉപ്പുക്കടലേ.....
നീയെനിക്കൊരു
പച്ചമീനിനെ തരിക
എന്റെ ഹൃദയവും ആത്മാവും
അതിനെ പെറ്റ് പോറ്റി
തുള്ളി തുള്ളിയായി
പെയ്തു തീരട്ടെ
