എന്തൊരടുക്കും ചിട്ടയും!
രാത്രിയൊൻപതു മണി
താളടയാളനാട
മറിച്ചിട്ടെഴുതുന്നു നിത്യവും.
നാൾവഴിച്ചോടുകൾ,
വൃത്തികൾ, ജീവിച്ച മുദ്രകൾ
ഉണ്ടതും
കണ്ടതും
കൊണ്ടതും
കൊടുത്തതും
മങ്ങലേൽക്കാതുറങ്ങാതിരിക്കുന്നു
സ്മൃതിഭദ്രം
രേഖാസഞ്ചയം.
ഒറ്റയേട്
മറിച്ചിട്ട് കാലം
പുത്തനേട് മറിച്ചെഴുതുമ്പോൾ
എത്ര നിർവൃതി,
കൃത്യകൃതാർത്ഥത,
മിടിപ്പുകൾ, പ്രസരിച്ചൊ -
രോർമ്മകൾ
ഒറ്റരാത്രി -
യൊൻപതിൽ സൂചി
താൾ മറിയ്ക്കാതയാൾ മടങ്ങുമോ ?
ആരുവായിക്കുമെന്ന വിഭ്രാന്തി ബാക്കിയാക്കുമോ
പിൻവഴിത്താളുകൾ,
അക്ഷരാർത്ഥത്തി-
ലത്രയും ചിട്ടകൾ!
