ഭ്രൂണാവസ്ഥയിൽ തന്നെ
അമ്മയുടെ ഉദരത്തിൽ
നിൻ്റെ സാന്നിധ്യം
ഞാൻ അറിഞ്ഞിരുന്നു.
നന്മകളെ ഉള്ളിലേക്ക്
ആവാഹിക്കുന്ന കൂടോത്രം
പിറവിക്ക് മുമ്പേ
എൻ്റെ കരവിരുതായിരുന്നു.
അനാദിയായ നിദ്രയിൽ
കോശങ്ങൾ പെറ്റുപെരുകവേ
ദ്രവരൂപത്തിനുള്ളിലെ
നിൻ്റെ തുടിപ്പിൽ
ഓർമ്മയുറയ്ക്കും മുമ്പേ
കേവലമൊരു ഹൃദയമിടിപ്പിൻ്റെ താളത്തിൽ
നിന്നെ ഞാൻ തിരിച്ചറിഞ്ഞു.
ഗർഭപാത്രത്തിൻ്റെ ഇരുളിൽ
എന്നെക്കാൾ നിസ്സഹായനായ നിന്നെ
ഞാൻ എന്നിലേക്ക് വലിച്ചെടുത്തു.
അങ്ങനെയാണ്
നിൻ്റെ അജ്ഞേയമായ മരണം
എൻ്റെ ജന്മരഹസ്യമായത്.
വർഷങ്ങൾ കടന്നുപോയി.
ജന്മദിനങ്ങൾ എൻ്റെ വളർച്ചയെ
അടയാളപ്പെടുത്തിക്കൊണ്ടിരുന്നു.
പക്ഷേ, എവിടെയോ എന്തോ
നഷ്ടമായെന്ന തോന്നൽ
എപ്പോഴും ബാക്കിയായി
