എഴുപതുകൾക്ക്
ആത്മഹത്യചെയ്യണമെന്ന ചിന്ത
കലശലായി.
ഭാഗംപിരിഞ്ഞ് കിട്ടിയ
സ്വന്തം വീട്ടിലോ
കണ്ണിൽച്ചോരയില്ലാത്ത
ആശുപത്രിയിലോ
അന്തസ്സില്ലാതെ വൃദ്ധനായ്
കിടന്നു മരിക്കേണ്ടിവന്നാൽ
പിന്നെ എന്തിനുകൊള്ളാമെന്ന് അരിശംകൊണ്ടു
മരിക്കാനുള്ള പുതിയ വല്ല വിദ്യകളും
ഗൂഗിൾ ചെയ്തു നോക്കാൻ
അതിനു താത്പര്യം തോന്നി
മുതലാളികൾ അവിടെയും
തന്റെ മരണത്തെ
കച്ചവടമാക്കില്ലേ എന്ന ചോദ്യം
താത്പര്യത്തെ അസ്ഥിരപ്പെടുത്തി
കൂട്ടത്തിലുണ്ടായിരുന്നവർ
കെട്ടിത്തൂങ്ങുകയോ
വണ്ടണ്ടിക്ക് തലവെക്കുകയോ
വിഷം കുടിക്കുകയോ ആയിരുന്നു
അങ്ങനെയൊന്നും
ചെയ്യാനുള്ള ജീവൻ
തന്റെ ശരീരത്തിലില്ലെന്ന്
അതിനു തോന്നി
